പാലക്കാട്
പേമാരിയും വെള്ളപ്പൊക്കവും എത്തിയതോടെ ട്രെയിൻ യാത്രാദുരിതം രൂക്ഷമാകുന്നു. ഗുജറാത്ത്, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ പ്രളയത്തെതുടർന്ന് തിരുവനന്തപുരം ഡിവിഷനിലേക്ക് ഉൾപ്പെടെ നൂറുകണക്കിന് ട്രെയിനുകൾ സൗത്ത് സെൻട്രൽ റെയിൽവേ റദ്ദാക്കി. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽക്കൂടി കടന്നുപോകുന്ന നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. വരുംദിവസങ്ങളിലും കൂടുതൽ ട്രെയിനുകൾ റദ്ദാക്കേണ്ടി വന്നാൽ ഓണാവധി യാത്ര ബുദ്ധിമുട്ടിലാകും.
കൊച്ചുവേളിയിൽനിന്ന് കോർബയിലേക്ക് തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന കോർബ എക്സ്പ്രസ്(22648), ബിലാസ്പുർ–-എറണാകുളം ജങ്ഷൻ എക്സ്പ്രസ്(22815) എന്നിവയും നാലിന് എറണാകുളത്തുനിന്ന് പുറപ്പെടേണ്ട എറണാകുളം ജങ്ഷൻ – -ബിലാസ്പുർ എക്സ്പ്രസും (22816) റദ്ദാക്കി.
കോർബയിലേക്കുള്ള ട്രെയിൻ റദ്ദാക്കിയ സാഹചര്യത്തിൽ നാലിന് തിരികെ കൊച്ചുവേളിയിലേക്കുള്ള ട്രെയിനും റദ്ദാക്കിയേക്കും.
ഓണക്കാലത്ത് അധിക ട്രെയിൻ അനുവദിക്കാതെ കേരളത്തിന് പുറത്തുനിന്നുള്ള മലയാളികൾ ബുദ്ധിമുട്ടുന്നതിനിടെയാണ് വെള്ളപ്പൊക്കവും പ്രതിസന്ധി തീർക്കുന്നത്.