മുംബൈ > ഐസി 814- ദി കാണ്ഡഹാർ ഹൈജാക്ക്’ വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തിൽ നെറ്റ്ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് മേധാവിക്ക് വാർത്താ വിതരണ മന്ത്രാലയത്തിന്റെ നോട്ടീസ്. നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
കാണ്ഡഹാർ വിമാന റാഞ്ചലിനെ പ്രമേയമാക്കി ഒരുക്കിയ ഐ സി 814-ദി കാണ്ഡഹാർ ഹൈജാക്ക് എന്ന വെബ് സീരിസുമായി ബന്ധപ്പെട്ടുയർന്ന പരാതികളിലാണ് നടപടി. സീരിസിൽ വിമാനം റാഞ്ചിയ ഭീകരരുടെ പേര് മാറ്റിയെന്നാണ് വ്യാപകമായി പരാതികളുയർന്നത്. അനുഭവ് സിന്ഹയും ത്രിഷാന്ത് ശ്രീവാസ്തവയും ചേർന്ന് നിർമ്മിച്ച സീരീസ് ആഗസ്ത് 29 നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.
സീരിസിൽ രണ്ടു ഭീകരർക്ക് ഹിന്ദു പേരുകൾ നൽകിയത് വിവാദമായിരുന്നു. ചിലർ സിനിമാ പ്രവർത്തകർ ഹിന്ദു പേരുകൾ മനഃപൂർവം തിരഞ്ഞെടുക്കുന്നുവെന്നും അതുവഴി വസ്തുതകൾ തെറ്റായി ചിത്രീകരിക്കുകയും മതപരമായ സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.