ന്യൂഡൽഹി
ജമ്മു കശ്മീരിൽ ബിജെപിയുടെ രണ്ട് മുതിർന്ന നേതാക്കൾ കൂടി പ്രാഥമികാംഗത്വം ഉൾപ്പടെ രാജിവച്ചു. നിയമസഭ തെരഞ്ഞെടുപ്പ് സീറ്റ് വിതരണത്തിൽ തർക്കം മൂർച്ഛിച്ചതോടെയാണിത്. സാംബ ജില്ലാ പ്രസിഡന്റ് കശ്മീർ സിങ്, യുവ മോർച്ച ജമ്മു ജില്ലാ പ്രസിഡന്റ് കനവ് ശർമ എന്നിവരാണ് രാജിവച്ചത്. കോൺഗ്രസ്– -നാഷണൽ കോൺഫറൻസ് സർക്കാരിൽ മന്ത്രിയായിരുന്ന സുർജിത് സിങ് സാൽത്തിയയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് കശ്മീർ സിങ്ങിന്റെ രാജി.
സാൽത്തിയ 2021ലാണ് ബിജെപിയിൽ ചേർന്നത്. കശ്മീർ സിങ് നാല് പതിറ്റാണ്ടായി ബിജെപി പ്രവർത്തകനാണ്.
അഴിമതിക്കേസുകളിൽപെട്ട മുൻമന്ത്രി പ്രിയ സേഥിയുടെ ഭർത്താവ് യുദ്ധ്വീർ സേഥിയെ ജമ്മു ഈസ്റ്റിൽ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് കനവ് ശർമ പറഞ്ഞു.
ജമ്മു നോർത്ത്, മാതാ വൈഷ്ണോ ദേവി, അഖ്നൂർ, ഛംബ്, രാംബൻ, പഡ്ഡർ മണ്ഡലങ്ങളിലും ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥികൾക്കെതിരെ രോഷം ശക്തമാണ്.