ദമ്മാം > കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടില് അനൂപ് മോഹനും (37) ഭാര്യ രമ്യമോളെയും (28) സൗദി അൽ കൊബാർ തുക്ബയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രമ്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്തതാണ് എന്ന് സംശയിക്കുന്നു. ഇവരുടെ അഞ്ചു വയസ്സുള്ള മകൾ ആരാധ്യ സുരക്ഷിതയായിരിക്കുന്നു.
ആരാധ്യയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി കതക് പൊളിച്ചാണ് ഫ്ലാറ്റിൽ പ്രവേശിച്ചത്. അനൂപിനെ ഫാനിൽ തൂങ്ങി മരിച്ച നിലയിലൂം രമ്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കാണപ്പെട്ടത്.
രണ്ടു ദിവസമായി രമ്യ ഒന്നും സംസാരിക്കാതെ കിടക്കുകയായായിരുന്നു. കുട്ടിയെയും അനൂപ് തലയിണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു. കുട്ടിയുടെ കരച്ചിലിനെ തുടർന്ന് അനൂപ് ഇറങ്ങി പോയാതായും കുട്ടി പൊലീസിന് മൊഴി നൽകി.
കുട്ടിയെ സുരക്ഷിതമായി മറ്റൊരു കുടുംബത്തിൻ്റെ ഒപ്പം തമസിപ്പിച്ചിരിക്കുകയാണ്. തുടർനടപടികൾ വേഗത്തിലാക്കി കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ലോക കേരള സഭാ അംഗം നാസ് വക്കത്തിൻ്റെയും നവോദയ സാംസ്കാരിക വേദി പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.
മൃതദേഹങ്ങൾ പോസ്റ്റ് പോസ്റ്റ് മോർട്ടം ചെയ്യുന്നതിനായി ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനൂപ് മോഹൻ 12 വർഷമായി തുക്ബ സനയ്യയിൽ പെയിന്റിങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു.അനൂപിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. അഞ്ചുമാസം മുൻപാണ് രമ്യയും മകളും സന്ദർശന വിസയിൽ സൗദിയിൽ എത്തിയത്.