തൃശൂർ
കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ മുഖ്യപ്രതിയായ നിക്ഷേപത്തട്ടിപ്പ് കേസിൽ ഹീവാൻ കമ്പനിയുടെയും ഉടമകളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി ആരംഭിച്ചു. പൂങ്കുന്നത്തെ ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യുന്നതിന് ജില്ലാ മജിസ്ട്രേറ്റ് നേരത്തേ ഉത്തരവിറക്കിയിരുന്നു.
ഇതിന്റെ ഭാഗമായി ഭൂമിയുടെയും വാഹനങ്ങളുടെയും കൈമാറ്റം തടയാൻ തഹസിൽദാർമാർക്ക് കത്തും നൽകി. അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്കധികൃതർക്ക് കത്ത് നൽകി. നേരത്തേ സി എസ് ശ്രീനിവാസന്റെ പേരിലുള്ള മൂന്നുകാറുകൾ ക്രൈംബാഞ്ച് പിടിച്ചെടുത്തിരുന്നു. കണ്ടുകെട്ടുന്ന സ്വത്തുവിവരം നിർദിഷ്ട കോടതിക്ക് കൈമാറും.
കേസിൽ കമ്പനി എംഡി സി എസ് ശ്രീനിവാസൻ, ചെയർമാൻ സുന്ദർ സി മേനോൻ, ഡയറക്ടർ ബിജു മണികണ്ഠൻ എന്നിവർ റിമാൻഡിലാണ്. സത്യശീലൻ, ഗ്രീഷ്മ ബിജു, അനിൽകുമാർ, രാമചന്ദ്രൻ എന്നിവരും പ്രതികളാണ്. കമ്പനി ഡയറക്ടറായ അനിൽകുമാർ ഹീവാനിലെ പണം തട്ടിച്ചെടുത്ത് മറ്റൊരു നിക്ഷേപക്കമ്പനി തുടങ്ങി. ഈ കമ്പനി വഴിയും നിക്ഷേപകരെ വഞ്ചിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഹീവാൻ നിധിയുടെ പേരിൽ നിക്ഷേപകരിൽനിന്ന് പണം സ്വീകരിച്ച് 9.85 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ 18 കേസുകളാണ് തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ജില്ലയിൽ മറ്റു സ്റ്റേഷനുകളിലും പാലക്കാട് ജില്ലയിലും കേസുണ്ട്.