തിരുവനന്തപുരം
ബിജെപി നേതൃത്വവുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് ചേരുന്ന ആർഎസ്എസ് കോ ഓർഡിനേഷൻ യോഗം (സമന്വയ് ബൈഠക്) കടുത്ത നിർദേശങ്ങളിലേക്ക് കടന്നേക്കുമെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ആർഎസ്എസിനെതിരെ തിരിഞ്ഞ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ യോഗത്തിലേക്ക് അയയ്ക്കരുതെന്നും രാജ്നാഥ് സിങ്ങിനെ പങ്കെടുപ്പിച്ചാൽ മതിയെന്നും ആർഎസ്എസ് നിർദേശം നൽകിയതായാണ് വിവരം. എന്നാൽ നദ്ദ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ശനി മുതൽ മൂന്നുദിവസമാണ് വിവിധ സംഘപരിവാർ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് കോ ഓർഡിനേഷൻ യോഗം ചേരുക. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ യോഗമാണിത്.
നൂറാം വാർഷികവേളയിൽ, കടുത്ത നിരാശയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി നൽകിയത് എന്നാണ് ആർഎസ്എസ് വിലയിരുത്തൽ. ‘സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ശേഷി ബിജെപി നേടിക്കഴിഞ്ഞു’ എന്ന പ്രസ്താവനയാണ് നദ്ദക്കെതിരെ ആർഎസ്എസ് തിരിയാൻ കാരണം. ലോക്സഭ തെരഞ്ഞെടുപ്പിൽ യുപി, മഹാരാഷ്ട്ര തുടങ്ങി സംസ്ഥാനങ്ങളിലടക്കം ദേശീയതലത്തിൽ തിരിച്ചടിയായത് നേതൃത്വത്തിന്റെ പിടിപ്പുകേടും നയവൈകല്യങ്ങളുമാണ്. മണിപ്പുർ കലാപം അവസാനിപ്പിക്കാൻ ഇടപെടാത്തതിൽ മോദിക്കെതിരെ മോഹൻ ഭാഗവത് രോഷം പ്രകടിപ്പിച്ചിരുന്നു. അഹങ്കാരം മൂലമാണ് ബിജെപി 240 സീറ്റിൽ ഒതുങ്ങിയതെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ്കുമാറും തുറന്നടിച്ചു.
അകൽച്ച രൂക്ഷമായതോടെയാണ് സംസ്ഥാനങ്ങളിലെ സംഘടനാ ജനറൽ സെക്രട്ടറിമാരെ പിൻവലിക്കാനുള്ള തീരുമാനം വന്നത്. കേരളത്തിൽ ആർഎസ്എസ് നിയോഗിച്ചിരുന്ന സംഘടനാ ജനറൽ സെക്രട്ടറി കെ സുഭാഷിനെ മാറ്റി ഉത്തരമേഖലാ സഹസമ്പർക്ക് പ്രമുഖായി നിയോഗിച്ചിരുന്നു.