ന്യൂഡൽഹി
സംസ്ഥാന കടം ലക്ഷം കോടിയോട് അടുത്തതോടെ കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ജീവനക്കാരുടെ ശമ്പളമടക്കം മുടങ്ങുന്ന സ്ഥിതിയാണ്. രണ്ടുമാസത്തേക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉപേക്ഷിക്കാൻ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവും മന്ത്രിമാരും തീരുമാനിച്ചു. ചീഫ് പാർലമെന്ററി സെക്രട്ടറിമാർക്കും കാബിനറ്റ് റാങ്കിലുള്ള മറ്റുള്ളവർക്കും ഇത് ബാധകം. എംഎൽഎമാരോടും ശമ്പളം വെടിയാൻ മുഖ്യമന്ത്രി അഭ്യർഥിച്ചു.
90,000 കോടിയോട് അടുത്ത സംസ്ഥാനത്തിന്റെ കടബാധ്യത നടപ്പ് സാമ്പത്തികവർഷം ലക്ഷം കോടി കടക്കും. 1.17 ലക്ഷം രൂപയാണ് ഓരോ ഹിമാചലുകാരന്റെയും ആളോഹരി കടം. ബിജെപി ഭരിക്കുന്ന അരുണാചൽ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന ആളോഹരി കടം ഹിമാചലിലാണ്.
ചെലവ് ഭീമമായി വർധിച്ചതിന് അനുസൃതമായി വരുമാനം ഉയർത്താൻ കഴിയാത്തതാണ് ഹിമാചലിനെ പ്രതിസന്ധിയിലാക്കിയത്. സൗജന്യനിരക്കിലുള്ള വൈദ്യുതി പദ്ധതിയിൽനിന്ന് നികുതിദായകരെ ഒഴിവാക്കിയിട്ടുണ്ട്. മറ്റ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്നുകൂടി കോൺഗ്രസ് സർക്കാർ പിന്നോക്കം പോയേക്കുമെന്നാണ് വിവരം.
കോൺഗ്രസിലെ അധികാരതർക്കം പരിഹരിക്കാൻ വിവിധ നേതാക്കളെ പ്രതിഷ്ഠിച്ച ചീഫ് പാർലമെന്ററി സെക്രട്ടറി (സിപിഎസ്) പോലുള്ള അനാവശ്യ തസ്തികളും സാമ്പത്തികപ്രതിസന്ധിയുടെ ആക്കംകൂട്ടി.കാബിനറ്റ് റാങ്കുമായി ആറ് സിപിഎസുകളുണ്ട്. ഈ തസ്തിക ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി കോടതിയുടെ പരിഗണനയിലാണ്.