ദുബായ് > ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിലെ കുട്ടികൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അൻപത് ലക്ഷം രൂപ സംഭാവന ചെയ്തു. മലയാളം മിഷൻ ” വയനാടിനൊരു ഡോളർ” എന്ന പദ്ധതിയിലൂടെയാണ് രൂപ സമാഹരിച്ചത്. 25 ദിവസം കൊണ്ട് നടന്ന ക്യാമ്പയിനിൽ മലയാളം മിഷനിലെ എല്ലാ കുട്ടികളും പങ്കാളികളായി. മലയാളം മിഷൻ ചാപ്റ്ററുകളിലെ ഭാരവാഹികളും അധ്യാപകരും കുട്ടികൾക്കൊപ്പം ചേർന്നാണ് 52,50677 രൂപ കണ്ടെത്തിയത്.
എല്ലാ ചാപ്റ്ററുകളിൽ നിന്നും അയക്കുന്ന തുകകൾ ക്രോഡീകരിച്ചരേഖ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കട്ടാക്കടയും ചാപ്റ്റർ പ്രതിനിധികളും ജീവനക്കാരും ചേർന്ന് 29ന് മുഖ്യമന്ത്രിക്ക് കൈമാറി . മലയാളം മിഷന്റെ 105 ചാപ്റ്ററിൽ നിന്നുള്ള അൻപതിനായിരം വിദ്യാർഥികളാണ് ക്യാമ്പയിനിന്റെ ഭാഗമായത്. 2023ലെ മികച്ച ചാപ്റ്ററിന് മലയാളം മിഷൻ ഏർപ്പെടുത്തിയ കണിക്കൊന്ന പുരസ്കാരം ലഭിച്ച ദുബായ് ചാപ്റ്റർ പുരസ്കാര തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സാംസ്കാരിക കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന് കൈമാറിക്കൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.