റാസല്ഖൈമ > യുഎഇയിലെ കണ്ണൂര് കൂട്ടായ്മയും ഈസി കാര്ഗോയും ചേര്ന്ന് സംഘടിപ്പിച്ച ‘കണ്ണൂര് ഫെസ്റ്റ്–2023’ റാസല്ഖൈമ ഫെഡറല് നാഷണല് കൗണ്സില് ചെയര്മാന് ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിന് മുഹമ്മദ് ബിന് അബ്ദുല്ല അല് ഖസിമി ഉദ്ഘാടനംചെയ്തു.
റാക് ഇന്ത്യന് അസോസിയേഷന് ഹാളില് ആഘോഷ പരിപാടികളോടെ നടന്ന പരിപാടിയില് റാസല്ഖൈമ ഇന്ത്യന് അസോസിയേഷന് പ്രസിഡന്റ് എസ് എ സലിം മുഖ്യാഥിതിയായി. സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി, ചലച്ചിത്രതാരം നിധിന ധനാജ്, പ്രമുഖ സംരംഭകനായ നയീം മൂസ (ജെഞ്ചൂര് സെക്യൂരിറ്റി സര്വീസസ്), സ്ട്രെയിം ഗ്രൂപ്പ് സ്ഥാപകന് എം കെ ജിജു തുടങ്ങിയവര് പങ്കെടുത്തു.
തിരുവാതിര, സിംഗിള്, ഗ്രൂപ്പ്, ഫ്യൂഷന് ഡാന്സ് പരിപാടികള് നടന്നു. കണ്ണൂര് കൂട്ടായ്മ അംഗങ്ങള് അവതരിപ്പിച്ച മ്യൂസിക്കല് ഗ്രൂപ്പ് -ബോഡി ഷോ കാണികള്ക്ക് വ്യത്യസ്ത അനുഭവമായി. ജൂനിയര്, സീനിയര് ഇനങ്ങളില് നടന്ന ഗാനാലാപന മത്സര വിജയികള്ക്ക് ഈസി കാര്ഗോ നല്കിയ ക്യാഷ് പ്രൈസും ട്രോഫിയും പ്രശസ്ത ഗായകന് കണ്ണൂര് ഷെരീഫ് സമ്മാനിച്ചു. തുടര്ന്ന് കണ്ണൂര് ഷെരീഫിന്റെ ഗാനമേളയും നടന്നു. ജിസിസിയിലെ കാര്ഗോ–കൊറിയര് മേഖലയില് പ്രവര്ത്തിക്കുന്ന ഈസി കാര്ഗോ ജീവകാരുണ്യ–സാമൂഹിക സേവന മേഖലകളില് പ്രവര്ത്തിക്കുന്ന സ്ഥാപനമാണ്.