മസ്കത്ത് > 2024-2026 വർഷത്തേക്കുള്ള പ്രളയ സാദ്ധ്യതാ ഭൂപടം തയ്യാറാക്കി നൽകാൻ സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തി ഒമാൻ കാർഷിക ജലവിഭവ മന്ത്രാലയം. മുൻകാലങ്ങളെ അപേക്ഷിച്ച് ഒമാൻ തീരത്ത് നിരന്തരമായി ന്യൂനമർദ്ദങ്ങൾ രൂപം കൊള്ളുകയും അവയിൽ ഭൂരിഭാഗവും മഴയ്ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. അപ്രതീക്ഷിത മഴയിൽ വാദീ പ്രളയങ്ങൾ സാധാരണമാവുകയും അത് മൂലം നിരവധി ജീവനുകൾ നഷ്ടമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
നിലവിലുള്ള മാതൃകകൾ കാലാനുസൃതമായി പരിഷ്കരിച്ചു കൊണ്ടുള്ളതാവും പുതിയ രൂപരേഖ. നദീതട സമതലപ്രദേശങ്ങൾ, ജലവ്യാപ്തി കൂടിയ വാദികൾ, അനുബന്ധ ചെറുവാദികൾ തുടങ്ങിയവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന ചെറുതും വലുതും മിതമായതുമായ അപകട സാധ്യതകളെ കൃത്യമായും സൂക്ഷ്മമമായും പരിഗണിക്കും. കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്ന സാഹചര്യങ്ങളിൽ ഇങ്ങനെ രൂപകൽപ്പന ചെയ്യുന്ന ഭൂപടങ്ങൾ ദേശീയ ദ്രുതകർമ്മസേനയെ എത്രയും വേഗം ബാധിത പ്രദേശങ്ങളിൽ വിന്യസിക്കുന്നതിനും, ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതുൾപ്പടെ അടിയന്തിര നടപടിലേക്ക് കടക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
നഗരാസൂത്രണവുമായി ബന്ധപ്പെട്ടും ഭൂപടങ്ങൾക്ക് സുപ്രധാന പങ്കു വഹിക്കാൻ കഴിയും. പുതിയ വീടുകൾക്കും മറ്റു നിർമ്മിതികൾക്കുമായി സ്ഥലം കണ്ടെത്തി നൽകേണ്ട സാഹചര്യത്തിൽ ഈ മേൽപ്പറഞ്ഞ ഭൂപടങ്ങൾ റഫറൻസ് എന്ന നിലയിൽ ഉപയോഗിക്കാൻ സാധിക്കും.
മൂന്നു ഘട്ടങ്ങളായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. വർഷപാതത്തിന്റെയും, ഒഴുകിപ്പോകുന്ന ജലത്തിന്റെയും അളവുകൾ വിശകലനം ചെയ്യുക എന്നതാണ് ഒന്നാം ഘട്ടം. ഇതിന്റെ ഭാഗമായി രാജ്യത്തെ ഓരോ ഗവർണറേറ്റുകളിലും ലഭിക്കുന്ന വർഷപാതത്തിന്റെ തീവ്രതയും ആവൃത്തിയും രേഖപ്പെടുത്തിയിട്ടുള്ള ഗ്രാഫുകളും ചാർട്ടുകളും തയ്യാറാക്കും. ഇതിനും പുറമേ ഓരോ ഗവർണറേറ്റുകളിലേയും ഫ്ളഡ് ഡിസൈൻ ഗൈഡുകളും തയ്യാറാക്കും. ഇങ്ങനെ ലഭിക്കുന്ന മഴയുടെ അളവും നീർമറിപ്രദേശങ്ങളിലെ ഉപരിതല ജലപ്രവാഹത്തിന്റെ തോതും കൃത്യമായി അറിയാൻ സാധിക്കും.
രണ്ടാം ഘട്ടം പ്രളയ സാധ്യതാപ്രദേശങ്ങളിലെ ഫ്ളഡ് മാപ്പിംഗ് ആണ്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി നിരവധി മാസങ്ങൾ നീണ്ടു നിൽക്കുന്ന ശ്രമകരമായ പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇങ്ങനെ പ്രളയ കാരണക്കാരായ പ്രധാന ജലപ്രവാഹങ്ങളെയും, അവയുടെ സമീപസ്ഥ താഴ്വരകളെയും തിരിച്ചറിയാൻ സാധിക്കും. അഞ്ചു മാസത്തോളം നീണ്ടു നിൽക്കുന്ന മൂന്നാമത്തെ ഘട്ടത്തിൽ മുൻ ഘട്ടങ്ങളിൽ കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിച്ചു കൊണ്ട് പ്രളയദുരന്തത്തെ നിയന്ത്രിക്കാനും നേരിടാനുമുള്ള വിവിധ മാതൃകകളും പ്രവർത്തന രീതികളും പ്രായോഗിക പദ്ധതികളും മാർഗ്ഗ നിർദേശങ്ങളും ശുപാർശകളും തയ്യാറാക്കപ്പെടും. മുൻകാല അനുഭവങ്ങളിൽ നിന്നും ആർജിച്ച പ്രായോഗിക അറിവുകളും മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന പഠനപ്രക്രിയയുടെയും ഭാഗമായി രൂപപ്പെടുത്തുന്ന ഭൂപട മാതൃകകളും ഉപയോഗപ്പെടുത്തി വരും കാലങ്ങളിൽ പ്രകൃതി ദുരന്തങ്ങളിൽ നിന്നും ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു നൽകാൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.