ന്യൂഡൽഹി
ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പരസ്യങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുന്നതിനുള്ള വകുപ്പ് ഒഴിവാക്കിയ ആയുഷ് മന്ത്രാലയത്തിന്റെ വിവാദ വിജ്ഞാപനം സുപ്രീംകോടതി സ്റ്റേചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ ഡ്രഗ്സ്, കോസ്മെറ്റിക്സ് നിയമത്തിലെ 170–-ാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കേണ്ടെന്ന് ആയുഷ് മന്ത്രാലയം 2023 ആഗസ്തിൽ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. പതഞ്ജലി പോലെയുള്ള കമ്പനികൾ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നൽകിയത് കേന്ദ്ര സർക്കാരിന്റെ ഈ നിർദേശത്തിനുശേഷമാണ്. വിവാദ നിർദേശം കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാൽ, ജൂലൈയിൽ ഡ്രഗ്സ്, കോസ്മെറ്റിക്സ് നിയമത്തിലെ 170 വകുപ്പ് തന്നെ ഒഴിവാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്രസർക്കാർ എന്തിനാണ് ഇതുപോലെയുള്ള ഒരു വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി നിരീക്ഷിച്ചു.