കൊൽക്കത്ത
ആർ ജി കർ മെഡിക്കൽ കോളേജില് ജൂനിയർ ഡോക്ടറെ ബലാത്സംഗചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില് ദിവസങ്ങളായി തുടരുന്ന സമാധാനപരമായ പ്രക്ഷോഭത്തെ ചോരയില്മുക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാന് ബിജെപി നീക്കം.
ബിജെപി ആഭിമുഖ്യമുള്ള പശ്ചിമബംഗാൾ വിദ്യാർഥി സമാജ് ചൊവ്വാഴ്ച സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്തമായി. ഏറ്റുമുട്ടലിൽ ഇരുഭാഗത്തുമായി നിരവധിപേർക്ക് പരിക്കേറ്റു. അറസ്റ്റുചെയ്തവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റും കേന്ദ്ര സഹമന്ത്രിയുമായ സുകാന്ത മജുംദാറിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചും അക്രമാസക്തമായി. പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി ബുധനാഴ്ച ബന്ദിന് അഹ്വാനം ചെയ്തു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
നീതി ആവശ്യപ്പെട്ട് തുടരുന്ന സമാധാനപരമായ പ്രക്ഷോഭത്തെ വഴിതിരിച്ചുവിടാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള തന്ത്രമാണ് ബിജെപിയുടേതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു. ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാതെ മമത സർക്കാരിനെ സഹായിക്കുന്ന നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു.