ഡൽഹി > കോണാട് പ്ലേസിലെ ഡിജിറ്റല് പരസ്യ ബോര്ഡില് അശ്ലീല ദൃശ്യം തെളിഞ്ഞു. ഡൽഹി പൊലീസ് ഐടി ആക്ട് പ്രകാരം എഫ്ഐആര് രജിസ്റ്റര് ചെയ്തെന്ന് വാര്ത്താ ഏജന്സിയായ എഎന്ഐ റിപ്പോര്ട്ട് ചെയ്തു. സൈബര് സുരക്ഷയുള്ള പരസ്യ ബോര്ഡ് ഹാക്ക് ചെയ്തെന്നാണ് ന്യൂ ദില്ലി മുന്സിപ്പല് കൗണ്സില് പറയുന്നത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു എച്ച് ബ്ലോക്ക് ഏരിയയിലെ പരസ്യ ബോര്ഡില് അശ്ലീല ദൃശ്യം തെളിഞ്ഞത്. സെക്കന്ഡുകള് ദൈര്ഘ്യമുള്ള അശ്ലീല ദൃശ്യം പ്രദര്ശിപ്പിക്കപ്പെട്ടത് തെളിവ് സഹിതം ആളുകൾ പൊലീസില് അറിയിച്ചതോടെയാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. സംഭവത്തില് ന്യൂ ദില്ലി മുന്സിപ്പല് കൗണ്സില് പ്രതിരോധത്തിലായിരിക്കുകയാണ്.
പരസ്യത്തിന് പുറമെ ഇന്ററാക്ടീവ് സ്ക്രീനും അവിടെയുണ്ട്. ഇവ രണ്ടും ശക്തമായ സുരക്ഷയും രാജ്യാന്തര നിലവാരവുമുള്ള സെര്വറിന്റെയും ഫയര്വാളിന്റെയും ആന്റിവൈറസിന്റെയും സഹായത്തോടെയാണ് പ്രവര്ത്തിക്കുന്നത് എന്നും ന്യൂ ദില്ലി മുന്സിപ്പല് കൗണ്സില് പറയുന്ന വാദം. എന്നാൽ പരസ്യ ബോര്ഡ് ഹാക്ക് ചെയ്യപ്പെട്ടതെങ്ങിനെ എന്നതിൽ വിശദീകരണം കൗണ്സില് ഇതുവരെ തന്നിട്ടില്ല.