കൊച്ചി > ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന വെളിപ്പെടുത്തലുകളെയും ആരോപണങ്ങളെയും തുടർന്ന് താരസംഘടനയായ അമ്മയിൽ പ്രശ്നം രൂക്ഷമാകുന്നു. നടൻ മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. അമ്മ ഭരണസമിതി പിരിച്ചുവിട്ടു. നിരവധി താരങ്ങൾ സംഘടനയിൽ നിന്ന് രാജി വച്ചതായാണ് സൂചന.
നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നടക്കം നിരവധി അംഗങ്ങൾ രാജി വച്ചതെന്നാണ് വിവരം. ഓൺലൈൻ യോഗത്തിലാണ് അംഗങ്ങൾ രാജി വച്ചത്. രണ്ട് മാസത്തിനകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കും. പ്രസിഡന്റ് മോഹൻലാൽ, ജനറൽ സെക്രട്ടറി സിദ്ദിഖ്, വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അൻസിബ ഹസൻ, ടൊവിനോ തോമസ്, സരയൂ, അനന്യ, വിനു മോഹൻ, ടിനി ടോം, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, ജോമോൾ എന്നിവരാണ് രാജിവച്ചത്.
ലൈംഗികാതിക്രമ പരാതി ഉയർന്നതിനെത്തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് സംഘടനയിൽ നിന്ന് രാജി വച്ചിരുന്നു. തൊട്ടുപിന്നാലെ നടൻമാരായ ബാബുരാജ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും ലൈംഗികാതിക്രമ പരാതി ഉയർന്നിരുന്നു.