ദുബായ് > യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം 2024 ൻ്റെ ആദ്യ പകുതിയിൽ ഏകദേശം 1.4 ട്രില്യൺ ദിർഹത്തിലെത്തി. വർഷം തോറും 11.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2023-ൻ്റെ ആദ്യ പകുതിയെ അപേക്ഷിച്ച് എണ്ണ ഇതര കയറ്റുമതിയിൽ 25 ശതമാനം വർധനവുണ്ടായി. 256.4 ബില്യൺ ദിർഹത്തിന്റെ വ്യാപാരമാണ് നടത്തിയത്. എണ്ണ ഇതര ഇറക്കുമതി 800 ബില്യൺ ദിർഹത്തിലെത്തി. വർഷം തോറും 11.3 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
2024 ആദ്യ പാദത്തിൽ റീ-കയറ്റുമതി 345.1 ബില്യൺ ദിർഹത്തിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.7 ശതമാനം വർധനവുണ്ടായി. 2031-ഓടെ വിദേശ വ്യാപാരത്തിൽ ദേശീയ സാമ്പത്തിക നേട്ടം 4 ട്രില്യൺ ദിർഹമായിരുന്നു ലക്ഷ്യമെന്നും ഇതൊരു വെല്ലുവിളിയായിരുന്നു എന്നും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
2024 ൻ്റെ ആദ്യ പകുതിയിലെ കണക്കുകൾ കാണിക്കുകൾ പ്രകാരം ആറ് മാസത്തിനുള്ളിൽ തങ്ങൾ ലക്ഷ്യം കൈവരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനത്തോടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ 3 ട്രില്യൺ ദിർഹം കൈവരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയുമായി 10 ശതമാനവും തുർക്കിയുമായി 15 ശതമാനവും ഇറാഖുമായി 41 ശതമാനവും വ്യാപാരം വർധിച്ചതോടെ വിവിധ രാജ്യങ്ങളുമായുള്ള യുഎഇയുടെ സാമ്പത്തിക ബന്ധം ശക്തിപ്പെട്ടതായി ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.