ഷാർജ > പരീക്ഷക്കാലത്തെ പിരിമുറുക്കത്തിൽ നിന്ന് കുട്ടികളെ മോചിപ്പിച്ചുകൊണ്ട് പുതിയ പാഠ്യപദ്ധതിയുമായി യു എ ഇ. വർഷാവസാനത്തിലെ എഴുത്തു പരീക്ഷയ്ക്ക് പകരം കുട്ടികളുടെ അറിവും മികവും നിലനിർത്തി മൂല്യനിർണയം നടത്തുന്ന പദ്ധതിയാണ് യുഎഇയിലെ പബ്ലിക് സ്കൂളുകളിൽ നടപ്പിലാക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയാണ് പരീക്ഷണ അടിസ്ഥാനത്തിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒരുക്കങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്ന പത്രസമ്മേളനത്തിലാണ് യുഎഇ വിദ്യാഭ്യാസ മന്ത്രി സാറ ബിന്ത് യൂസഫ് അൽ അമീരി ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാലയങ്ങളിലെ മൂല്യനിർണയ സമ്പ്രദായം നവീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത് എന്നും മന്ത്രി വിശദീകരിച്ചു. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ഖാസിം, ക്ഷേമ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ സുലൈമാൻ അൽ കാബി, ഒമർ അൽ ദഹേരി എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളിൽ നിന്ന് നേതാവിലേക്ക് എന്ന പേരിൽ ബാക്ക് ടു സ്കൂൾ ക്യാമ്പയിൻ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസം ഭാവി നേതാക്കളെ രൂപപ്പെടുത്തുന്നതിനുള്ള പ്രധാന പ്രവർത്തനമാണ്.
ഈ പ്രവർത്തനത്തിൽ വിദ്യാഭ്യാസ സമ്പ്രദായം, മാതാപിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയ കാര്യങ്ങളിലുള്ള പരസ്പരബന്ധം സൂക്ഷ്മമായി വിലയിരുത്തുന്നതിന് പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. വിശദമായ ഫീൽഡ് സർവ്വേയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം പുതിയ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാഠ്യ -പാഠ്യേതര പദ്ധതികളുടെ സമഗ്രമായ ഒരു പട്ടികയും ഇത് സംബന്ധിച്ച് തയ്യാറാക്കിയിട്ടുണ്ട്. ഗ്രേഡ് അഞ്ചു മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾക്ക് രണ്ടാമത്തെ ടേമിൽ പരീക്ഷക്ക് പകരം പ്രോജക്ടുകൾ ആയിരിക്കും. ഇവ വിദ്യാർത്ഥികളുടെ അറിവിനെ മാത്രമല്ല, കഴിവുകളെയും അളക്കുന്നതായിരിക്കും.
പുതിയ വിദ്യാഭ്യാസ വർഷത്തെ വരവേൽക്കുന്നതിനുവേണ്ടി വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചു കൊണ്ട് നിരവധി പദ്ധതികളാണ് വിദ്യാഭ്യാസ മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്. ഗതാഗതം, ആഭ്യന്തരം, സാമൂഹ്യ ക്ഷേമം തുടങ്ങി നിരവധി വകുപ്പുകൾ വ്യത്യസ്ത തലങ്ങളിൽ ഇടപെടുകയും നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. സുഗമമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന് മന്ത്രാലയം എല്ലാ തയ്യാറെടുപ്പുകളും നടപ്പിലാക്കിയിട്ടുണ്ട്.