മുംബൈ> മഹാരാഷ്ട്രയിലെ ബദ്ലാപൂരിൽ നഴ്സറിക്കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയായതിൽ പ്രതിഷേധിച്ച് ആഗസ്ത് 24ന് (ശനിയാഴ്ച) മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ രാഷ്ട്രീയ പാർടികൾ. മഹാവികാസ് അഘാഡി സഖ്യത്തിലെ അംഗങ്ങളായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എൻസിപി ശരദ് പവാർ, കോൺഗ്രസ് എന്നിവരാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
“നമ്മുടെ പെൺമക്കളുടെ സുരക്ഷ”ക്കായി ഒരുമിക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പൗരന്മാരോട് അഭ്യർത്ഥിച്ചു. “എല്ലാ പൗരന്മാരും കോവിഡ് – കാലത്ത് ഒരുമിച്ച് പോരാടി, ഇപ്പോൾ നമ്മുടെ പെൺമക്കൾക്ക് വേണ്ടിയും നമ്മൾ അങ്ങനെ ചെയ്യണം” എന്നും താക്കറെ പറഞ്ഞു.
ബദ്ലാപൂരിൽ നഴ്സറിക്കുട്ടികളെ അതിക്രമിച്ച സംഭവം സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ സംഭവത്തോട് തണുപ്പൻ പ്രതികരണമാണ് നടത്തുന്നതെന്നും പ്രതിപക്ഷം പറഞ്ഞിരുന്നു. ജനങ്ങളുടെ വികാരങ്ങളോട് നിർവികാരത പുലർത്തുന്ന കുടിലബുദ്ധിക്കാരനാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയെന്നായിരുന്നു പ്രതിപക്ഷാരോപണം.