ലക്നൗ > 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം അയോധ്യ ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. കെട്ടിടം അനധികൃതമായാണ് നിർമിച്ചതെന്നാരോപിച്ചാണ് തകർത്തത്. 4000 ചതുരശ്ര അടി സ്ഥലത്ത് സ്ഥിതിചെയ്യുന്ന ബഹുനിലകെട്ടിടത്തിന് മൂന്നുകോടിയോളം രൂപ വിലമതിക്കുന്നതാണ്.
12 വയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസിൽ മൊയ്തു ഖാൻ, ഇയാളുടെ സഹായി രാജു ഖാൻ എന്നിവർ ജൂലായ് 30-ന് അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് കെട്ടിടം പൊളിച്ചത്. പീഡനത്തിന് ഇരയായി ഗർഭിണിയായ പെൺകുട്ടിയെ ഓഗസ്റ്റ് ഏഴിന് ഗർഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തു. പ്രതികളുടെ ഡി.എൻ.എ പരിശോധന നടത്താനുള്ള നടപടികൾ ആരംഭിച്ചെന്നും ഇത് കേസിൽ നിർണായകമാകുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.