മുംബൈ > മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇസെഡ് പ്ലസ് സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തി എൻസിപി അധ്യക്ഷൻ ശരത് പവാർ. രാജ്യത്തെ ഏറ്റവും വലിയ വിഐപി സുരക്ഷയാണ് ഇസെഡ് പ്ലസ് ബുധനാഴ്ചയാണ് കേന്ദ്രം ഏർപ്പെടുത്തിയത്.
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഈ സുരക്ഷ ചാരപ്രവർത്തനത്തിനു വേണ്ടിയാണെന്നു സംശയിക്കുന്നതായി ശരത് പവാർ പറഞ്ഞു. സർക്കാരിന്റെ ഈ നീക്കത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പടെ മൂന്നുപേർക്കാണ് ഇസെഡ് പ്ലസ് സുരക്ഷ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാവികാസ് അഘാടി സഖ്യത്തിന്റെ തന്ത്രങ്ങളെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ ചോർത്താൻ വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന് സംശയിക്കുന്നതായും പവാർ പറഞ്ഞു. കേന്ദ്ര റിസർവ് പൊലീസ് ഫോഴ്സിൽ(സിആർപിഎഫ്) നിന്നുള്ള 55 സൈനികരെയാണ് പവാറിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.