കൊച്ചി> ചലച്ചിത്രമേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് സ്വാഗതാർഹമാണെന്ന് താരസംഘടന അമ്മ. ഹേമ കമ്മിറ്റിയുടെ നിർദ്ദേങ്ങൾ നടപ്പാക്കേണ്ടതാണെന്നും ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹേമ കമ്മിറ്റി താരസംഘടനയ്ക്ക് എതിരായ റിപ്പോർട്ടല്ല. കമ്മിറ്റി പ്രതിസ്ഥാനത്ത് നിർത്തിയത് അമ്മ സംഘടനയെ അല്ല. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. പുകമറ സൃഷ്ടിച്ച് കുറ്റവാളികള്‍ അല്ലാത്തവരെ നാണംകെടുത്തരുത്. മലയാള സിനിമ മേഖല മുഴുവന്‍ മോശമാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. അടച്ചാക്ഷേപിച്ചത് വിഷമമുണ്ടാക്കി. പവര്‍ഗ്രൂപ്പും മാഫിയയും ഇല്ല. പവര്‍ ഗ്രൂപ്പിന് സിനിമയെ നിയന്ത്രിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരണം വൈകിയില്ല
ഹേമ കമ്മിറ്റി പുറത്തുവരുമ്പോൾ ഒരു ഷോയുടെ റിഹേഴ്സൽ നടക്കുകയായിരുന്നു. അതാണ് പ്രതികരണം വൈകിയത്. അമ്മ പ്രസിഡന്റ് സ്ഥലത്തില്ല. അവരോടൊക്കെ ചർച്ച ചെയ്യാനാണ് സമയമെടുത്തത്. ഒളിച്ചോട്ടമല്ലെന്നും സിദ്ദിഖ് പറഞ്ഞു.
എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിനു മോഹൻ, ചേർത്തല ജയൻ, ജോമോൾ, അനന്യ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.