ന്യൂഡൽഹി > സുപ്രീംകോടതിയിൽ കുരങ്ങുകളുടെ ആക്രമണത്തിൽ അഭിഭാഷകയ്ക്ക് പരിക്ക്. കോടതിയുടെ ജി ഗെയ്റ്റിലൂടെ അകത്ത് പ്രവേശിക്കുകയായിരുന്ന അഡ്വ. എസ് സെൽവകുമാരിയെ കുരങ്ങുകൾ ആക്രമിക്കുകയായിരുന്നു. കാലിൽ കടിയേറ്റതിനെ തുടർന്ന് അഭിഭാഷക രജിസ്ട്രാർ കോടതിക്ക് സമീപമുള്ള ക്ലിനിക്കിൽ എത്തിയെങ്കിലും അവിടെ മരുന്നുകൾ ഇല്ലാത്തതിനാൽ കുടുതൽ പ്രയാസത്തിലായി.
‘ക്ലിനിക്കിലെ ഡോക്ടർ മുറിവ് വൃത്തിയാക്കിയെങ്കിലും പ്രഥമശുശ്രൂഷയ്ക്ക് വേണ്ട മരുന്നുകൾ അവിടെയുണ്ടായിരുന്നില്ല. ആർഎംഎൽ ആശുപത്രിയിൽ പോകാനായിരുന്നു ഡോക്ടർമാരുടെ നിർദേശം’–- അഡ്വ. സെൽവകുമാരി പറഞ്ഞു. ഡൽഹി ഹൈക്കോടതി ക്ലിനിക്കിൽ പോയി ടിടി ഇഞ്ചക്ഷൻ എടുത്ത ശേഷം സെൽവകുമാരി ആർഎംഎല്ലിൽ എത്തി മൂന്ന് മൂന്ന് ഇഞ്ചക്ഷനുകൾ കൂടി എടുത്തു. ഡൽഹിയിൽ കുരങ്ങുകളുടെ ആക്രമണം പതിവായതോടെ കാൽനടയാത്രക്കാരും മറ്റും കടുത്തഭീതിയിലാണ്.