ന്യൂഡൽഹി> ദേശീയതലത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം കൂപ്പുകുത്തുന്നതായി റിപ്പോർട്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2023ൽ ഹൈസ്കൂൾ, ഹയർസെക്കന്ററി തലത്തിൽ വിദ്യാർഥികളുടെ പ്രകടനം ഏറെ പിന്നിലാണെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ 65 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരാജയപ്പെട്ടത്.
56 സംസ്ഥാന ബോർഡുകളും മൂന്ന് ദേശീയ ബോർഡുകളും ഉൾപ്പെടെ 59 സ്കൂൾ ബോർഡുകളെ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. 10, 12 ക്ലാസുകളിലെ ഫലങ്ങൾ വിശകലനം ചെയ്യുമ്പോൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളുടെയും വിജയിക്കുന്നവരുടെയും എണ്ണത്തിൽ വലിയ അന്തരമാണുള്ളത്.
പത്താം ക്ലാസിൽ 33.5 ലക്ഷം വിദ്യാർഥികളാണ് തുടർപഠനത്തിന് യോഗ്യത നേടാത്തത്. പരീക്ഷക്ക് ഹാജരായവരിൽ 28 ലക്ഷം പേർ പരാജയപ്പെട്ടു. 5.5 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയില്ല. പ്ലസ് ടു തലത്തിൽ 32.4 ലക്ഷം വിദ്യാർഥികളാണ് തുടർപഠനത്തിന് യോഗ്യത നേടാത്തത്. പരീക്ഷയെഴുതിയവരിൽ 27.2 ലക്ഷം പേർ പരാജയപ്പെടുകയും 5.2 ലക്ഷം പേർ പരീക്ഷയെഴുതാതിരിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ പെൺകുട്ടികൾ 12-ാം ക്ലാസ് പരീക്ഷ എഴുതിയത് സർക്കാർ സ്കൂളുകളിലാണെന്നാണ് വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്.
തോൽവിയുടെ നിരക്ക് സെൻട്രൽ ബോർഡിനേക്കാൾ കൂടുതൽ സംസ്ഥാന ബോർഡുകളിലാണ്. പത്താം ക്ലാസിൽ, സെൻട്രൽ ബോർഡിലെ വിദ്യാർഥികളുടെ പരാജയ നിരക്ക് ആറ് ശതമാനമാനവും സംസ്ഥാന ബോർഡുകളിൽ 16 ശതമാനവുമാണ്. ഹയർസെക്കന്ററി തലത്തിൽ സെൻട്രൽ ബോർഡിൽ 12 ശതമാനവും സംസ്ഥാന ബോർഡുകളുടേത് 18 ശതമാനവുമാണ് പരാജയ നിരക്ക്. ഓപ്പൺ സ്കൂളുകളുടെ പ്രകടനവും മോശമാണ്. പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരാജയപ്പെട്ടത് മധ്യപ്രദേശ് ബോർഡിലാണ്. തൊട്ടുപിന്നാലെ ബിഹാറും ഉത്തർപ്രദേശുമുണ്ട്.
സിലബസിലെ മാറ്റങ്ങൾ, പരീക്ഷാ നടത്തിപ്പിലെ കാലവ്യത്യാസം, പരീക്ഷാ ബോർഡിന്റെ ഘടനയിലും നടത്തിപ്പിലും വരുത്തിയ മാറ്റങ്ങൾ എന്നിവയാണ് പരാജയത്തെ ന്യായീകരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കണ്ടെത്തുന്ന കാരണങ്ങൾ.