ബംഗളുരു > മുന്ഭര്ത്താവില് നിന്നും പ്രതിമാസം ആറ് ലക്ഷം രൂപ ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യം തള്ളി കർണാടക ഹൈക്കോടതി. അത്രയും തുക ചെലവിന് ആവശ്യമെങ്കിൽ യുവതിതന്നെ വരുമാനം കണ്ടെത്തട്ടെയെന്നായിരുന്നു ജഡ്ജിന്റെ മറുപടി.
ഹൈക്കോടതിയിലെ വിവാഹ മോചന നടപടിക്കിടെ യുവതി ജീവനീംശമായി പ്രതിമാസം 6,16,300 രൂപ ആവശ്യപ്പെടുന്ന വീഡിയോ വൻ തോതിൽ പ്രചരിച്ചിരുന്നു. ഒരാൾക്ക് എങ്ങനെ പ്രതിമാസം 6 ലക്ഷം രൂപ ചെലവഴിക്കാൻ കഴിയുമെന്നും തുക യുക്തിരഹിതമാണെന്നും പറഞ്ഞ് ഹൈക്കോടതി യുവതിയുടെ ആവശ്യം തള്ളുകയായിരുന്നു.
മുട്ടുവേദന, ഫിസിയോതെറാപ്പി, മരുന്നുകൾ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയ്ക്കായി പ്രതിമാസം 4 മുതൽ 5 ലക്ഷം രൂപയും അടിസ്ഥാന ആവശ്യങ്ങൾക്ക് അവൾ പ്രതിമാസം 50,000 രൂപയും ഭക്ഷണത്തിനായി 60,000 രൂപയും വേണമെന്ന് യുവതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഒരാൾക്ക് ഒരുമാസം ചെലവിനായി ആറ് ലക്ഷം രൂപ ആവശ്യമാണോയെന്ന് കോടതി ആരാഞ്ഞു. ന്യായമായ ആവശ്യം ഉന്നയിച്ചല്ലെങ്കിൽ ഹർജി തള്ളുമെന്നും കോടതി വ്യക്തമാക്കി.