അമൃത്സര് > ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് ഒരുക്കുന്ന സിനിമ ‘എമര്ജന്സി’ക്കെതിരെ സിഖ് സംഘടനകള്. അടിയന്തരാവസ്ഥയെ മുന്നിര്ത്തി ചിത്രീകരിച്ച സിനിമയില് സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്നതിനാൽ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അകാല് തഖ്ദ്, ശിരോമണി ഗുരുദ്വാര പർഭന്ദക് കമ്മിറ്റി (എസ്ജിപിസി) എന്നീ സംഘടനകളാണ് രംഗത്തെത്തിയത്.
സിനിമ അടിയന്തരമായി നിരോധിക്കണമെന്നും കങ്കണക്കെതിരെ കേസ് എടുക്കണമെന്നും സിഖ് വിരുദ്ധ സിനിമകള് പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രിയോട് ഇവർ ആവശ്യപ്പെട്ടു.
സിനിമയുടെ സംവിധാനം, തിരക്കഥ, നിര്മാണം, പ്രധാനകഥാപാത്രമായ ഇന്ദിരാഗാന്ധിയുടെ വേഷം എന്നിവ ചെയ്തിരിക്കുന്നത് കങ്കണയാണ്. സിനിമയില് സിഖുകാരെ വിഘടനവാദികളായി ചിത്രീകരിക്കുകയാണെന്നും ഇതിന് പിന്നില് ഗൂഢാലോചനയുണ്ടെന്നും അകാല് തക്തിന്റെ തലവന് ഗ്യാനി രഖ്ബിര് സിങ് പറഞ്ഞു. 1984ലെ ഓപ്പറേഷന് ബ്ലൂ സ്റ്റാറിന്റെ സമയത്ത് ജീവന് വെടിഞ്ഞ രക്തസാക്ഷികളെ കുറിച്ച് സിഖ് വിരുദ്ധ ആഖ്യാനം സൃഷ്ടിച്ച് സിഖ് വിഭാഗത്തെ അപമാനിക്കുന്ന പ്രവൃത്തിയാണ് കങ്കണചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സിഖ് വിരുദ്ധ, പഞ്ചാബ് വിരുദ്ധ പ്രസ്താവനകള് കാരണം വിവാദത്തില്പ്പെട്ട കങ്കണ സിഖുകളെ മനപൂര്വം ലക്ഷ്യം വെക്കുകയാണ് ധാമിയും കൂട്ടിച്ചേര്ത്തു. സിഖുകാരെ നിരന്തരമായി അപമാനിച്ചിട്ടും കങ്കണക്കെതിരെ നടപടിയെടുക്കാതെ സര്ക്കാര് അവരെ സംരക്ഷിക്കുകയാണെന്നും ധാമി ആരോപിച്ചു.
അടുത്ത മാസമാണ് എമര്ജന്സി പുറത്തിറങ്ങുന്നത്. കഴിഞ്ഞ വര്ഷം നവംബറില് പുറത്തിറക്കാന് തീരുമാനിച്ചിരുന്ന സിനിമ പല തവണ മാറ്റിവെക്കുകയായിരുന്നു.