ന്യൂഡൽഹി
എസ്സി–-എസ്ടി സംവരണത്തിൽ ഉപവർഗീകരണമാകാമെന്ന സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ദളിത് സംഘനകൾ നടത്തിയ ഭാരത് ബന്ദിൽ ചില സംസ്ഥാനങ്ങളിൽ സംഘർഷം. ബിഹാറിലെ പട്നയിൽ പ്രതിഷേധ മാർച്ച് സംഘർഷത്തിലേയ്ക്ക് നീങ്ങി. പൊലീസ് ലാത്തിച്ചാർജ്ജിൽ നിരവധി പേർക്ക് പരിക്കേറ്റു. സബ് ഡിവിഷണൽ മജിസ്ട്രറ്റിനും പട്നയിൽ ലാത്തിയടിയേറ്റു. ഹാജിപൂർ, ദർഭംഗ, ജെഹാനാബാദ്, ബെഗുസാരായി ജില്ലകളിലും വലിയ പ്രതിഷേധമുണ്ടായി. വാഹനഗതാഗതവും തടസ്സപ്പെട്ടു.
ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, യുപി, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ദളിത് സംഘടനകള് വലിയ പ്രതിഷേധമുയര്ത്തി. ഡൽഹിയിൽ ബിഎസ്പി പ്രവർത്തകർ പ്രകടനം നടത്തി.ഒഡീഷയിൽ റോഡ് –-റെയിൽ ഗതാഗതം താറുമാറായി. ജാർഖണ്ഡിലും വലിയ പ്രതിഷേധണ്ടായി. ഗുജറാത്തിലെ ആദിവാസി സ്വാധീന ജില്ലകളായ ഛോട്ടാ ഉദേപൂർ, നർമ്മദ, സുരേന്ദ്രനാഗ്ര, സബർകാന്ത, ആരവല്ലി ജില്ലകൾ പൂർണ്ണമായും സ്തംഭിച്ചു. രാജസ്ഥാൻ തലസ്ഥാനാമായ ജയ്പൂരിലെ ആൽബർട്ട് ഹാളിൽനിന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മധ്യപ്രദേശിലെ ചിലയിടങ്ങളിൽ സംഘർഷമുണ്ടായി.
കോൺഗ്രസിനുപുറമേ ബിഎസ്പി, എസ്പി, ഇടതുപാർടികളും ബന്ദിനെ പിന്തുണച്ചിരുന്നു. എൻഡിഎ സഖ്യകക്ഷിയായ എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും പിന്തുണ നൽകി. റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ഉൾപ്പെടെ രണ്ട് ഡസൻ ദളിത്, ആദിവാസി സംഘടനകളാണ് ബന്ദ് നടത്തിയത്.