പാലക്കാട്
ജീപ്പ് അപകടത്തിൽ രണ്ടുപേർ മരിച്ചതുമായി ബന്ധപ്പെട്ട് സിപിഐ എം നേതാക്കളെ പ്രതിചേർത്ത കേസിൽ മുഴുവൻപേരെയും വെറുതെവിട്ടു. പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് രണ്ടാംകോടതി ജഡ്ജി എൽ ജയവന്ത് പ്രതികളെ വെറുതെവിട്ടത്.
2002 ജൂലൈ 30ന് ചിറ്റൂർ ആലാംകടവ് നറണി പാലത്തിനുസമീപം ബൈക്ക് യാത്രക്കാരൻ വണ്ടിത്താവളം കൈതറവ് സ്വദേശി ശിവദാസൻ, വഴിയാത്രക്കാരൻ വണ്ണാമട മലയാണ്ടി കൗണ്ടനൂർ കറുപ്പസ്വാമി എന്നിവർ മരിച്ച കേസിലാണ് വിധി. കനത്തമഴയിൽ ജീപ്പ് ബൈക്കിലിടിച്ച് മറിയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്നവരെയാണ് പ്രതികളാക്കിയത്. രണ്ടാം പ്രതി അനിൽ, മൂന്നാം പ്രതി കൃഷ്ണൻ എന്ന കൃഷ്ണൻകുട്ടി, അഞ്ചാം പ്രതി ഷൺമുഖൻ, ആറാം പ്രതി പാർഥൻ, ഏഴാം പ്രതി ഗോകുൽദാസ്, എട്ടാം പ്രതി ഇ എൻ സുരേഷ് ബാബു എന്നിവരെയാണ് വെറുതെവിട്ടത്. സംഭവകാലത്ത് സിപിഐ എം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായിരുന്ന ഇ എൻ സുരേഷ്ബാബു ഇപ്പോൾ പാലക്കാട് ജില്ലാ സെക്രട്ടറിയാണ്.
ഒന്നും നാലും പ്രതികളായ ഗുരുവായൂരപ്പൻ, ശിവൻ എന്നിവർ വിചാരണക്കാലത്ത് മരിച്ചു. ആദ്യം വാഹനാപകടമായാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ യുഡിഎഫ് സർക്കാർ പിന്നീട് കൊലപാതകക്കേസാക്കി ഗൂഢാലോചന കുറ്റം ചുമത്തി 13 പേരെ പ്രതിചേർത്തു. ഒമ്പതുമുതൽ 13 വരെ പ്രതികളായിരുന്ന സി ബാലൻ, കെ വിജയൻ, ആർ ശിവപ്രകാശ്, ഘോഷ്, അജിത് ദേവ് എന്നിവരെ നേരത്തെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴ്കോടതിയുടെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തിയതോടെ എട്ട് പ്രതികൾക്കും 62 ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഡനത്തിനിരയാക്കി. നിരവധി തവണ അപായപ്പെടുത്താനും ശ്രമിച്ചു.