ഭൂമി ഇഷ്ടംപോലെയുള്ള തെലങ്കാനയിൽ അതിദരിദ്രരായ ലക്ഷക്കണക്കിനു പേർക്ക് വീടുപണിയാനുള്ള അഞ്ചു സെന്റു പോലുമില്ലെന്ന് തെലങ്കാന അഗ്രിക്കൾച്ചറൽ ലേബർ യൂണിയൻ സംസ്ഥാന ജനറൽസെക്രട്ടറി എ വെങ്കിട്ടരാമലു. വീടുപണിയാൻ സ്ഥലം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ് യൂണിയൻ. ബിആർഎസ് സർക്കാരിനെപോലെ കോൺഗ്രസ്സും ആവശ്യം പരിഗണിക്കുന്നില്ല. അതിനെതിരെ, 21 ജില്ലകളിലെ 70 കേന്ദ്രങ്ങളിൽ ഭൂമിപിടിച്ചെടുക്കൽ സമരം തുടരുകയാണ്. ലക്ഷക്കണക്കിന് നിർധനർ ഒപ്പമുണ്ട്. കൃഷിഭൂമിക്കായുള്ള പോരാട്ടവും തുടരുന്നു. മിനിമം കൂലിയും ഭക്ഷണവും ആവശ്യപ്പെട്ട യൂണിയന്റെ സമരത്തെ തുടർന്ന് ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് 12,000 രൂപ വീതം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇതുവരെ നടപ്പിലായില്ല. 33 ജില്ലയിലായി 11 ലക്ഷം അംഗങ്ങളാണ് യൂണിയനുള്ളത്. നൽഗുണ്ട, ഖമ്മം, വാറങ്കൽ, രംഗറെഡ്ഡി ജില്ലയിൽ യൂണിയൻ ശക്തമായ സാന്നിധ്യമാണെന്നും വെങ്കിട്ടരാമലു പറഞ്ഞു.