ന്യൂഡൽഹി
എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിലെ മെറിറ്റുള്ള വിദ്യാർഥികൾക്ക് പൊതുവിഭാഗത്തിൽ പ്രവേശനം നൽകുന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി. മധ്യപ്രദേശിൽ എംബിബിഎസ് പ്രവേശനത്തിന് പൊതുവിഭാഗത്തിനുള്ള- സർക്കാർ സ്കൂൾ ക്വാട്ടയിൽ മെറിറ്റുള്ള എസ്സി, എസ്ടി, ഒബിസി വിദ്യാർഥികളെ പ്രവേശിപ്പിക്കാത്ത നടപടി ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതി ഉത്തരവ്. 2020ൽ സൗരവ് യാദവ്–- സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് കേസിൽ സംവരണവിഭാഗങ്ങളിലെ മെറിറ്റുള്ള ഉദ്യോഗാർഥികൾക്ക് ജനറൽ/ഓപ്പൺ വിഭാഗത്തിലെ തസ്തികകളിൽ നിയമനം നൽകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ള കാര്യം ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.
സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥി സ്വന്തം മെറിറ്റിലൂടെ ജനറൽ/ ഓപ്പൺ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടാൽ ആ നിയമനം ജനറൽ വിഭാഗത്തിലേക്കാണ് കണക്കാക്കേണ്ടതെന്ന നിയമതത്ത്വം നേരത്തെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും ജസ്റ്റിസ് കെ വി വിശ്വനാഥൻ കൂടി അംഗമായ ബെഞ്ച് നിരീക്ഷിച്ചു. 2023–-2024ലെ അക്കാദമിക്ക് സെഷൻ പൂർത്തിയായ സാഹചര്യത്തിൽ സർക്കാർ സ്കൂൾ ക്വാട്ടയിൽ പ്രവേശനം നിഷേധിക്കപ്പെട്ട സംവരണവിഭാഗക്കാർക്ക് 2024–-2025 അക്കാദമിക്ക് സെഷനിൽ പ്രവേശനം നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.