തൃശൂർ
കെപിസിസി വർക്കിങ് പ്രസിഡന്റ് ടി എൻ പ്രതാപൻ, ഡിസിസി പ്രസിഡന്റായിരുന്ന ജോസ് വള്ളൂർ എന്നിവരെ ആറു വർഷത്തേക്ക് ഭാരവാഹിത്വത്തിൽനിന്ന് മാറ്റിനിർത്താൻ കെപിസിസി അന്വേഷണ സമിതിയുടെ ശുപാർശ. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്ക് വോട്ട് മറിച്ചുകൊടുത്ത് കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരൻ മൂന്നാമതാവാൻ ഇടയാക്കിയ സംഭവം അന്വേഷിച്ച ശേഷമാണ് കടുത്ത നടപടിക്കുള്ള ശുപാർശ.
ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയ കെപിസിസി എക്സിക്യൂട്ടീവ് അംഗം അനിൽ അക്കര, യുഡിഎഫ് ചെയർമാനായിരുന്ന എം പി വിൻസന്റ് എന്നിവരെ താക്കീത് ചെയ്യാനും ശുപാർശയുണ്ട്. ടി സിദ്ദിഖ്, കെ സി ജോസഫ്, ആർ ചന്ദ്രശേഖരൻ എന്നിവർ അംഗങ്ങളായ സമിതി 24ന് റിപ്പോർട്ട് നൽകിയേക്കും.
ഡിസിസി ഭാരവാഹികളായ ടി എൻ ചന്ദ്രൻ, കെ ഗോപാലകൃഷ്ണൻ, ജെയ്ജു സെബാസ്റ്റ്യൻ, ടി എം രാജീവൻ എന്നിവരെയും ഒല്ലൂർ, ഗുരുവായൂർ, ചേർപ്പ്, ബ്ലോക്ക് പ്രസിഡന്റുമാരെയും മാറ്റിനിർത്തണമെന്നും ശുപാർശയുണ്ട്.
നാണംകെട്ട തോൽവിയിൽ നടപടിയില്ലാതെ പാർടിയിൽ സജീവമാകില്ലെന്ന കെ മുരളീധരന്റെ കടുത്ത നിലപാട് കെപിസിസി നേതൃത്വത്തിന് കീറാമുട്ടിയാണ്. സമിതിക്ക് മുരളീധരൻ നൽകിയ പരാതിയിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചവരെ പരാമർശിക്കുന്നുണ്ട്.