തിരുവനന്തപുരം
സ്ഥലം: ചീഫ് സെക്രട്ടറിയുടെ ഓഫീസ്. സമയം: പകൽ ഒരുമണി. പതിവ് തിരക്കുകളിൽനിന്നെല്ലാം വ്യത്യസ്തമായ ഓട്ടപ്പാച്ചിലിലാണ് ജീവനക്കാർ. 31ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ പിറന്നാൾ ആഘോഷമാണ് ചടങ്ങ്. ജീവനക്കാർ ഒരുക്കിയ ലളിതമായ പരിപാടിയെ അത്യപൂർവമാക്കുന്നതോ, മുഖ്യാതിഥിയുടെ സാന്നിധ്യവും. അഡീഷണൽ ചീഫ് സെക്രട്ടറി(ആസൂത്രണം)യും വേണുവിന്റെ ജീവിതപങ്കാളിയും, സർവോപരി നിയുക്ത ചീഫ് സെക്രട്ടറിയുമായ ഡോ. ശാരദ മുരളീധരനാണ് ആ ‘സർപ്രൈസ് ഗസ്റ്റ്’. ശാരദയ്ക്കൊപ്പം കേക്ക് മുറിച്ച് വേണു പിറന്നാൾ ആഘോഷിച്ചപ്പോൾ ജീവനക്കാരും ഹാപ്പി.
ബുധനാഴ്ചത്തെ മന്ത്രിസഭായോഗമാണ് ശാരദ മുരളീധരനെ സംസ്ഥാനത്തിന്റെ അമ്പതാം ചീഫ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചത്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറിയുടെ തൊട്ടുപിൻഗാമിയായി ജീവിതപങ്കാളിയെത്തുന്നത് സംസ്ഥാന ചരിത്രത്തിലാദ്യം. 1991 ഒക്ടോബർ 21നായിരുന്നു ഇവരുടെ വിവാഹം. വി രാമചന്ദ്രൻ –- പത്മ രാമചന്ദ്രൻ, ബാബു ജേക്കബ് –- ലിസി ജേക്കബ് എന്നിവരാണ് മുമ്പത്തെ ചീഫ് സെക്രട്ടറി ദമ്പതിമാർ.
സംസ്ഥാനത്തെ അഞ്ചാമത് വനിതാ ചീഫ് സെക്രട്ടറിയാണ് 1990 സിവിൽ സർവീസ് ബാച്ചുകാരിയായ ശാരദ. തദ്ദേശ ഭരണം, പ്രാദേശിക വികസനം, ദാരിദ്ര്യ നിർമാർജനം, വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു. കേന്ദ്രസർക്കാരിന്റെ നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ, പഞ്ചായത്തീരാജ് മന്ത്രാലയം എന്നിവിടങ്ങളിലും എൻഎഫ്ടിഐ ഡയറക്ടറായും പ്രവർത്തിച്ചു. കേരളത്തിൽ അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും നടപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കുടുംബശ്രീയിലൂടെ സ്ത്രീസമൂഹത്തെ ശാക്തീകരിക്കാൻ മുന്നിൽനിന്നു.