തിരുവനന്തപുരം: 2024ലെ പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ പി ആർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ശ്രീജേഷിന് പാരിതോഷികമായി രണ്ടു കോടി രൂപ നൽകാനാണ് തീരുമാനിച്ചത്. പാരിസ് ഒളിംപിക്സോടെ രാജ്യാന്തര ഹോക്കിയിൽ നിന്ന് ശ്രീജേഷ് വിരമിച്ചിരുന്നു. ഇന്ത്യയ്ക്ക് വെങ്കലം നേടി കൊടുത്ത ബ്രിട്ടനെതിരായ മത്സരമായിരുന്നു ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരം.
ശ്രീജേഷിനോടുള്ള ആദരസൂചകമായി ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽ അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പർ ജഴ്സി പിൻവലിക്കാൻ ഹോക്കി ഇന്ത്യ തീരുമാനിച്ചിരുന്നു. മാത്രമല്ല, ശ്രീജേഷിനെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായും നിയമിച്ചു. പാരിസ് ഒളിംപിക്സിനു പിന്നാലെ കേരളത്തിൽ തിരിച്ചെത്തിയ ശ്രീജേഷിന് അധികൃതരും ആരാധകരും ചേർന്ന് വമ്പിച്ച സ്വീകരണമാണ് നൽകിയത്.