മസ്കത്ത് > ഒമാനിലെ നാട്ടുവൃക്ഷങ്ങളുടെ എണ്ണം സംരക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമായി ഒമാനിലെ പരിസ്ഥിതി അതോറിറ്റി നടപടികൾ സ്വീകരിക്കുന്നു. ബഹ്ലയിലെ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ ബഹ്ല വിലായത്തിലെ കാട്ടുമരങ്ങളെ കണ്ടെത്തുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ അവസാനഘട്ടം ആരംഭിക്കുകയും ചെയ്തു. നവംബർ വരെ തുടരുന്ന ഈ ഘട്ടത്തിൽ വിലയത്തിലെ ചില കാട്ടുമരങ്ങളിൽ മെറ്റൽ പ്ലേറ്റുകൾ സ്ഥാപിക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രാദേശിക സമൂഹത്തിലും ഒമാനിൽ എത്തുന്ന സന്ദർശകരിലും പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുകയാണ് ലക്ഷ്യം. നിരവധി പ്രാദേശിക ജീവജാലങ്ങളുടെ വിത്തുകളുടെ ഒരു പ്രധാന സ്രോതസ്സാണ് കാട്ടു മരങ്ങൾ. പുസ്തകങ്ങളുടെയും പേപ്പർ പ്രസിദ്ധീകരണങ്ങളുടെയും അച്ചടി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് അറിവ് നേടുന്നതിനുള്ള രീതികൾ വർദ്ധിപ്പിക്കുന്നതിന് പദ്ധതി സംഭാവന ചെയ്യും. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിലും സുസ്ഥിര വികസനത്തിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സമൂഹത്തെ യഥാർത്ഥ പങ്കാളിയാക്കുന്നതിനുമാണ് അതോറിറ്റി ശ്രമിക്കുന്നത്.