ഗാങ്ടോക്ക് > കനത്ത മഴയിലുണ്ടായ മണ്ണിടിച്ചലിൽ സിക്കിമിലെ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷന്റെ (എൻഎച്ച്പിസി) പവർ സ്റ്റേഷൻ തകർന്നു. 510 മെഗാവാട്ട് ടീസ്റ്റ സ്റ്റേജ് 5 അണക്കെട്ടിലെ പവർ സ്റ്റേഷനാണ് തകർന്നത്. ആളപായമില്ല. പവർസ്റ്റേഷന് ചേർന്നുള്ള മലയിൽ കുറച്ചു ദിവസങ്ങളായി ചെറു മണ്ണിടിച്ചിലുകളുണ്ടായിരുന്നു. തുടർന്ന് മുൻകരുതലായി ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ മലയുടെ വലിയ ഭാഗം ഇടിഞ്ഞു പവർ സ്റ്റേഷനുമുകളിലേക്ക് വീഴുകയായിരുന്നു. പവർസ്റ്റേഷനു സമീപം ജോലിചെയ്യുന്ന തൊഴിലാളികൾ പകർത്തിയ മണ്ണിടിച്ചൽ ദൃശ്യം സമുഹമാധ്യമങ്ങളിൽ വൈറലായി.
2023 ഒക്ടോബറിലെ മേഘസ്ഫോടനത്തെ തുടർന്നുണ്ടായ നാശനഷ്ടത്തിൽ സ്റ്റേജ് 5 അണക്കെട്ട് പ്രവർത്തനരഹിതമാണ്. സിക്കിമിലെ വലിയ ജലവൈദ്യുത പദ്ധതിയാണ് ചുങ്താങ്ങിലെ ടീസ്റ്റ അണക്കെട്ട്.