മുംബൈ> മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ തലസരി, ദഹാനു താലൂക്കുകളിൽ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേർന്ന സിപിഐ എം യോഗത്തിൽ 1000 ത്തിലധികം പാർടി പ്രവർത്തകർ പങ്കെടുത്തു. ആഗസ്ത് 17, 18 തീയതികളിൽ നടന്ന സിപിഐ എം ജനറൽ ബോഡി യോഗത്തിലാണ് 1,000 ത്തിലധികം പാർടി പ്രവർത്തകർ പങ്കെടുത്തത്.
വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ യോഗത്തിൽ ചർച്ചയായി. 1978 മുതലുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ 10 ൽ ഒമ്പത് തവണയും ദഹാനു മണ്ഡലത്തിൽ സിപിഐ എം ആണ് വിജയിച്ചിട്ടുള്ളത്.
യോഗങ്ങളിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ഡോ അശോക് ധാവ്ലെ, സംസ്ഥാന സെക്രട്ടറി ഡോ ഉദയ് നർക്കർ, ജില്ലാ സെക്രട്ടറി കിരൺ ഗഹല, വിനോദ് നിക്കോൾ എംഎൽഎ, തലസരി താലൂക്ക് സെക്രട്ടറി ലക്ഷ്മൺ ഡോംബ്രെ, ദഹാനു താലൂക്ക് സെക്രട്ടറി റഡ്ക കലംഗ്ഡ, സംസ്ഥാന കമ്മിറ്റി അംഗം ലഹാനി എന്നിവർ സംസാരിച്ചു.
രാജ്യത്തും സംസ്ഥാനത്തിനകത്തും നിലവിലുള്ള രാഷ്ട്രീയ വെല്ലുവിളികൾ കണക്കിലെടുത്ത്, എംവിഎ( മഹാ വികാസ് അഘാഡി) – ഇന്ത്യ മുന്നണിയുടെയും സിപിഐ എമ്മിന്റെയും വിജയം ഈ തെരഞ്ഞെടുപ്പിൽ ഉറപ്പാക്കണമെന്നും ബിജെപി–എൻഡിഎയെ സഖ്യത്തെ പരാജയപ്പെടുത്തണമെന്നും യോഗം തീരുമാനിച്ചു. യോഗത്തിൽ ഇരു താലൂക്കുകളിലെയും സംഘടനാതല പ്രവർത്തനങ്ങളും ഭാവി പരിപാടികളും ആസൂത്രണം ചെയ്തു.