ആലപ്പുഴ> കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പി കൃഷ്ണപിള്ളയുടെ 76–ാം ചരമ വാർഷികം 19ന് സിപിഐ എം, സിപിഐ സംയുക്താഭിമുഖ്യത്തിൽ ആചരിക്കും. പി കൃഷ്ണപിള്ള അന്ത്യവിശ്രമംകൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും തുടർന്ന് കണ്ണർകാട്ടെ സ്മൃതിമണ്ഡപത്തിലും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. ഇരുകേന്ദ്രങ്ങളിലും ചേരുന്ന അനുസ്മരണ സമ്മേളനം സിപിഐ എം പിബി അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും.
രാവിലെ എട്ടിന് വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. സമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തും. കണ്ണർകാട് രാവിലെ ഒമ്പതിന് പുഷ്പാർച്ചന നടക്കും. അനുസ്മരണ സമ്മേളനത്തിൽ ദിനാചരണകമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷനാകും. സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എംപി മുഖ്യപ്രഭാഷണം നടത്തും.