ന്യൂഡൽഹി> പോരാട്ടം വഴി നേടിയെടുക്കേണ്ടതാണ് സമാധാനം എന്ന മുദ്രാവാക്യം ഏറ്റവും പ്രസക്തമായ കാലമാണ് ഇപ്പോഴത്തേതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അഖിലേന്ത്യാ ഐക്യദാർഢ്യ സമാധാന സമിതിയുടെ രമേശ് ചന്ദ്ര പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കോൺഗ്രസ് നേതാവ് കെ യാദവ റെഡ്ഡി എന്നിവർക്കും സമാധാന പുരസ്കാരം സമ്മാനിച്ചു.
വലതുപക്ഷ ശക്തികൾക്ക് അനുകൂലമായി ലോകത്തുണ്ടായ മാറ്റം വിനാശകരമായ സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെതിരെ ഉയർന്നുവരുന്ന പ്രസ്ഥാനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇന്ത്യ തയ്യാറാകുന്നില്ല. മോദിസർക്കാർ ഇന്ത്യയുടെ പരമ്പരാഗത വിദേശനയത്തിൽനിന്ന് വ്യതിചലിച്ചാണ് നീങ്ങുന്നതെന്നും യെച്ചൂരി പറഞ്ഞു. വേൾഡ് പീസ് കൗൺസിലിന്റെ 75–-ാം വാർഷികത്തോടനുബന്ധിച്ച് ഹർകിഷൻ സിങ് സുർജിത് ഭവനിൽ നടന്ന പരിപാടിയിൽ പല്ലബ്സെൻ ഗുപ്ത, അരുൺകുമാർ, വി ശിവദാസൻ എംപി, അഡ്വ. കെ അനിൽകുമാർ എന്നിവരും സംസാരിച്ചു. ഡോ. ജനാർദ്ദനക്കുറുപ്പ് എഴുതി വേലായുധൻ കീച്ചേരി സംഗീതം പകർന്ന യുദ്ധവിരുദ്ധ ഗാനവും പുറത്തിറക്കി.