തലശേരി> ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ കെ പി സാജുവിനും ജനറൽ മാനേജർക്കുമെതിരെ പരാതി നൽകിയ ഡിസിസി സെക്രട്ടറി സി ടി സജിത്തിന് കാരണം കാണിക്കൽ നോട്ടീസ്. മൂന്നുദിവസത്തിനുള്ളിൽ മറുപടി നൽകാനാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജാണ് നോട്ടീസ് നൽകിയത്. പരാതിയിൽ ഒപ്പിട്ട ഭരണസമിതി അംഗങ്ങളോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
സംഘടനക്കുള്ളിൽ പറയേണ്ട കാര്യം സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് പരാതിയായി നൽകിയെന്നാണ് ആരോപണം. ആശുപത്രി നവീകരണത്തിലും സ്ഥലമെടുപ്പിലുമുള്ള സാമ്പത്തികയിടപാട് സംബന്ധിച്ച് ഡിസിസി പ്രസിഡന്റിന് നൽകിയ കത്തിൽ നടപടിയുണ്ടാകാത്തതിനാലാണ് സഹകരണ വകുപ്പിനെ സമീപിച്ചതെന്ന് പരാതിക്കാരനെ അനുകൂലിക്കുന്നവർ പറയുന്നു.
ആശുപത്രി ഡയറക്ടർകൂടിയായ സി ടി സജിത്തിന്റെ പരാതിയിൽ സഹകരണ വകുപ്പ് അന്വേഷണം ആരംഭിച്ചതിനുപിന്നാലെ പ്രസിഡന്റ് വെള്ളിയാഴ്ച രാജിവച്ചിരുന്നു. ശനിയാഴ്ച ചേർന്ന അടിയന്തര യോഗം വൈസ്പ്രസിഡന്റ് കണ്ടോത്ത് ഗോപിക്ക് താൽക്കാലിക ചുമതല നൽകി. സഹകരണ സംഘം ബൈലോ ലംഘിച്ചും സഹകരണ രജിസ്ട്രാറുടെ നിർദേശം പാലിക്കാതെയും ഭരണസമിതി യോഗം ചേർന്നുവെന്നതടക്കം ഗുരുതര ആരോപണമാണ് പരാതിയിലുള്ളത്. ദീർഘകാലം പ്രസിഡന്റായിരുന്ന കെപിസിസി മുൻ എക്സിക്യുട്ടീവംഗം മമ്പറം ദിവാകരനെ തോൽപിച്ചാണ് സുധാകരനനുകൂലികൾ ആശുപത്രി ഭരണം പിടിച്ചത്.
പ്രസിഡന്റ് നേരത്തേ അയോഗ്യൻ
ആശുപത്രിക്ക് സമാനമായ മറ്റൊരു ബിസിനസ് സ്ഥാപനം പാനൂരിൽ നടത്തുന്നുവെന്ന പരാതിയെ തുടർന്ന് പ്രസിഡന്റിനെ നേരത്തെ സഹകരണ ജോയിന്റ് രജിസ്ട്രാർ അയോഗ്യനാക്കിയിരുന്നു. ഡിനോവ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി മാനേജിങ് പാർട്ണറാണെന്നതാണ് അയോഗ്യതക്ക് കാരണമായത്. സഹകരണ വകുപ്പിന്റെ തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി 19ന് ഹിയറിങ് നടത്തി തീരുമാനമെടുക്കാൻ ജോയിന്റ് രജിസ്ട്രാർക്ക് ഉത്തരവും നൽകി. തിങ്കളാഴ്ച ഹിയറിങ്ങിന് ഹാജരാകാതിരിക്കാൻകൂടിയാണ് രാജി.