ന്യൂഡൽഹി
പ്രത്യേക സംസ്ഥാന പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കിയ ജമ്മു കശ്മീരിൽ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 90 അംഗ സഭയിലേക്ക് സെപ്തംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിലായി മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ഭീകരാക്രമണം രൂക്ഷമായ ജമ്മു കശ്മീരിൽ 10 വർഷത്തിനുശേഷമാണ് ജനവിധി രേഖപ്പെടുത്തുന്നത്. ഹരിയാനയിലെ 90 അംഗ സഭയിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് ഒറ്റഘട്ടം. രണ്ടിടത്തെയും വോട്ടെണ്ണൽ ഒക്ടോബർ നാലിന് നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അറിയിച്ചു.
ജമ്മു കശ്മീരിൽ 2014ൽ ആണ് അവസാനം തെരഞ്ഞെടുപ്പ് നടന്നത്. അന്ന് അധികാരത്തിൽ വന്ന പിഡിപി–-ബിജെപി സർക്കാർ 2018ൽ നിലംപതിച്ചു. പിന്നാലെ നിയമസഭ പിരിച്ചുവിട്ടു. 2019ൽ സംസ്ഥാനത്തെ ജമ്മു -കശ്മീർ, ലഡാക്ക് എന്നിങ്ങനെ വെട്ടിമുറിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി. സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയരവെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. അതേസമയം, നിർണായക ഭരണ മേഖലകളിലെല്ലാം ലെഫ്റ്റനന്റ് ഗവർണർക്ക് അമിതാധികാരം നൽകി കേന്ദ്രം നിർണായക ഭേദഗതി കൊണ്ടുവന്നു.
ഹരിയാനയിൽ 2019ൽ 40 സീറ്റുനേടിയ ബിജെപി 10 സീറ്റുള്ള ജെജെപിയുടെ പിന്തുണയോടെ സര്ക്കാരുണ്ടാക്കി.അടുത്തിടെ സഖ്യത്തിൽനിന്ന് ജെജെപി പിന്മാറി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മനോഹർലാൽ ഖട്ടറിനെ മാറ്റി നയബ് സിങ് സൈനിയെ നിയോഗിച്ചു. ഹരിയാനയ്ക്കൊപ്പം നവംബറിൽ നിയമസഭയുടെ കാലാവധി തീരുന്ന മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. 2009ൽ മുതൽ ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണ് പ്രഖ്യാപിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റ മഹാരാഷ്ട്രയില് രാഷ്ട്രീയസ്ഥിതി ബിജെപിക്ക് അനുകൂലമല്ല.
വയനാട് ലോക്സഭ മണ്ഡലത്തിലും 46 നിയമസഭ മണ്ഡലത്തിലും നടക്കേണ്ട ഉപതെരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചില്ല. ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പുകൾ നടത്തുമെന്ന് രാജീവ്കുമാർ പ്രതികരിച്ചു.