പാരീസ് ഒളിമ്പിക്സിൽ ഗുസ്തി ഫൈനലിൽ അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ ഇന്ത്യൻ വനിതാ ബോക്‌സിങ് താരം വിനേഷ് ഫോഗട്ട് നൽകിയ ഹർജി കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി തള്ളിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ഹദയഭേതകമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വിനേഷ്.
2023 മെയ് 28ന് ഇന്ത്യൻ പതാകയുമായി നിൽക്കുന്ന ചിത്രം തന്നെ ഇപ്പോഴും വേട്ടയാടുന്നുവെന്ന് കുറിപ്പിൽ ഫോഗട്ട് പങ്കുവച്ചു. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ പതാക ഉയരത്തിൽ പറക്കണമെന്നായിരുന്നു തൻ്റെ ആഗ്രഹമെന്നും ഫോഗട്ട് വെള്ളിയാഴ്ച എക്സിൽ പങ്കുവച്ച കത്തിൽ പറയുന്നു.
— Vinesh Phogat (@Phogat_Vinesh) August 16, 2024
‘രാജ്യത്തെ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിനിടെ, ഇന്ത്യയിലെ സ്ത്രീകളുടെയും ഇന്ത്യൻ പതാകയുടെയും വിശുദ്ധിയും മൂല്യങ്ങളും സംരക്ഷിക്കാൻ ഞാൻ കഠിനമായി പോരാടുകയായിരുന്നു. എന്നാൽ 2023 മെയ് 28ന് ഇന്ത്യൻ പതാകയുമായി നിൽക്കുന്ന എൻ്റെ ചിത്രങ്ങൾ കാണുമ്പോൾ അത് ഇപ്പോഴും എന്നെ വേട്ടയാടുന്നു.
ഈ ഒളിമ്പിക്‌സിൽ ഇന്ത്യൻ പതാക ഉയരത്തിൽ പറക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇന്ത്യൻ പതാകയുടെ മൂല്യം പ്രതിനിധീകരിക്കുകയും വിശുദ്ധി പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ഒരു ചിത്രം എന്നോടൊപ്പം ഉണ്ടായിരിക്കണമെന്നും, അത് എല്ലാ ഇന്ത്യക്കാരെയും കാണിക്കുമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു,’ കത്തിൽ വിനേഷ് പറഞ്ഞു.
ഒളിമ്പിക്‌സിൽ ഗുസ്തിയിൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ എത്തിയെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ താരം അയോഗ്യയാക്കപ്പെടുകയായിരുന്നു. സെമിയിൽ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനൽ പ്രവേശനം നേടിയത്. ഇതോടെ ഒളിംപിക്‌സ് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും വിനേഷിന്റെ പേരിലായിരുന്നു. ഫൈനലിൽ മെഡൽ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ഫോഗട്ടിനും ഇന്ത്യയ്ക്കും കനത്ത ആഘാതമായിരുന്നു താരത്തെ അയോഗ്യയാക്കി കൊണ്ടുള്ള ഒളിമ്പിക്‌സ് അസോസിയേഷന്റെ നടപടി.