അങ്കോള > ഷിരൂർ മണ്ണിടിച്ചലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ ഗംഗാവലിയിൽ പുരോഗമിക്കുകയാണ്. ലോറിയുടെ കൂടുതൽ ലോഹഭാഗങ്ങൾ തിരച്ചിലിൽ കണ്ടെത്തി. ഗിയറിന്റേതെന്ന് കരുതുന്ന ലോഹഭാഗമാണ് തിരച്ചിൽ ലഭിച്ചത്.
ലോഹഭാഗവും ലോറിയിൽ തടികെട്ടാനുപയോഗിച്ച കയറും നേരത്തെ കണ്ടെടുത്തിരുന്നു. കയർ ലോറിയിലുണ്ടായിരുന്നത് തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. കയർ കണ്ടെത്തിയ ഭാഗങ്ങളിലാണ് തിരച്ചിൽ തുടരുന്നത്. തിങ്കളാഴ്ച തിരച്ചിലിനായി ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കുമെന്ന് എ കെ എം അഷ്റഫ് എംഎൽഎ പറഞ്ഞു.
രണ്ട് ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ തിരച്ചിൽ. നേവിയോടൊപ്പം മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെയും തിരച്ചിൽ നടത്തുന്നുണ്ട്. ഇന്നലെ അർജുനായി ഗംഗാവലി പുഴയിൽ നടത്തിയ പരിശോധനയില്‍ പുഴയുടെ അടിത്തട്ടില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അര്‍ജുന്റെ ലോറിയുടെ ജാക്കി തന്നെയാണെന്ന് ഉടമ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ജാക്കിക്കൊപ്പം ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും ഇന്നലത്തെ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. രാവിലെ 8.50 നു തുടങ്ങിയ തിരിച്ചിലിൽ സ്ക്രൂ പിൻ കണ്ടെത്തിയിരുന്നു. എന്നാൽ അത് അർജുൻ ഓടിച്ച ലോറിയുടേതായിരുന്നില്ല.