ന്യൂഡൽഹി > മുൻ സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബൗളർ മോർണി മോർക്കലിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായി നിയമിച്ചു. മോർണി മോർക്കലിനെ പരിശീലകനായി നിയമിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
സെപ്തംബർ ഒന്നിന് മോർണി മോർക്കൽ ബൗളിംഗ് പരിശീലകനായി ചുമതലയേൽക്കും. ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ ഐപിഎൽ ടീമായ ലക്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായി പ്രവർത്തിച്ചപ്പോൾ മോർണി മോർക്കലും കോച്ചിംഗ് സ്റ്റാഫിൽ അംഗമായിരുന്നു. പാകിസ്ഥാൻ ദേശീയ ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് കോച്ചായും മോർക്കൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ ഓസ്ട്രേലിയൻ പൗരനായ മോർണി മോർക്കൽ സൗത്ത് ആഫ്രിക്കയ്ക്കായി 247 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 86 ടെസ്റ്റിലും 117 ഏകദിനത്തിലും 44 ട്വന്റി 20യിലും കളിച്ച മോർണി പ്രോട്ടീസിനായി 544 വിക്കറ്റുകൾ നേടി. ഇതിൽ 309 എണ്ണം ടെസ്റ്റിലും 188 എണ്ണം ഏകദിനത്തിലും 47 എണ്ണം ട്വന്റി 20യിലുമാണ്.