ദുബായ് > ദുബായ് പൊലീസ് എയർ വിംഗ് ആറ് മാസത്തിനിടയിൽ വിജയകരമായി നടത്തിയത് 304 ദൗത്യങ്ങൾ. പരിക്കേറ്റ വ്യക്തികളെയും രോഗികളെയും കൊണ്ടുപോകൽ, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, വിവിധ പരിശീലന വ്യായാമങ്ങൾ എന്നിവ ഉൾപ്പെടുന്ന ദൗത്യങ്ങളാണ് നടത്തിയത്. ദുബായ് എമിറേറ്റിലുടനീളം സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പൊലീസ് എയർ വിംഗിനെ വിന്യസിച്ചിരുന്നു.
എയർ വിംഗ് നടത്തിയ ആകെ മിഷനുകളിൽ 140 പട്രോളിംഗ് ജോലികളും, 64 പൊലീസ് ജോലികളിലും, 66 പരിശീലന ആവശ്യങ്ങളും ഉൾപ്പെടുന്നു. പരിക്കേറ്റ വ്യക്തികളെ എത്തിക്കുന്നതിനുവേണ്ടി എയർ വിംഗ് 24 ദൗത്യങ്ങൾ നടത്തി. ഗുരുതരമായി പരിക്കേറ്റ വ്യക്തികളുടെ വേഗത്തിലുള്ള ഗതാഗതത്തിന് ദ്രുതഗതിയിലുള്ള പ്രതികരണങ്ങൾ നടത്താൻ ഈ കാലയളവിൽ സാധിച്ചതായി അധികൃതർ അറിയിച്ചു.
ചികിത്സയ്ക്കായി രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നത് പോലെയുള്ള നിരവധി മാനുഷിക ദൗത്യങ്ങളും എയർ വിംഗ് ഏറ്റെടുക്കുന്നുണ്ടെന്ന് ദുബായ് പൊലീസ് എയർ വിംഗ് സെൻ്റർ ഡയറക്ടർ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ ബ്രിഗേഡിയർ അലി അൽംഹെരി പറഞ്ഞു. ദുബായ് പൊലീസ് എയർ വിംഗ് സെൻ്ററിലെ പൈലറ്റുമാർ ഏത് സാഹചര്യത്തിലും കഴിയുന്നത്ര വേഗത്തിൽ സാധ്യമായ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് തുടർച്ചയായ പരിശീലനത്തിന് വിധേയരാണെന്നും അൽംഹെരി പറഞ്ഞു.