ദുബായ് > യുഎഇ സർക്കാർ രാജ്യത്തെ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങളും കടമകളും വ്യക്തമായി നിർവചിക്കുന്നതിനും മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഭേദഗതി. വിവിധ കേസുകളിൽ തൊഴിലുടമകൾക്ക് 100,000 ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പുതിയ നിയമം അനുസരിച്ച് പിഴ ലഭിക്കും.
ശരിയായ പെർമിറ്റുകളില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുക, രാജ്യത്തേക്ക് കൊണ്ടുവരുന്ന തൊഴിലാളികൾക്ക് ജോലി നൽകുന്നതിൽ പരാജയപ്പെടുക, പെർമിറ്റുകൾ ദുരുപയോഗം ചെയ്യുക, തൊഴിലാളികളുടെ അവകാശങ്ങൾ പരിഗണിക്കാതെ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യുക തുടങ്ങിയവയ്ക്ക് പിഴ ഈടാക്കും. പ്രായപൂർത്തിയാകാത്തവരെ നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിക്കുന്നതിനും പിഴകൾ ബാധകമാണ്.
വഞ്ചനാപരമായ എമിറേറ്റൈസേഷൻ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ റിക്രൂട്ട്മെൻ്റ് രീതികൾക്ക് ക്രിമിനൽ ശിക്ഷകളും ലഭിക്കും. വ്യാജ റിക്രൂട്ട്മെൻ്റിൽ പിടിക്കപ്പെടുന്ന തൊഴിലുടമകൾക്ക് 100,000 ദിർഹം മുതൽ ഒരു മില്യൺ ദിർഹം വരെ പിഴ ചുമത്തും. കൂടാതെ കേസിൽ ഉൾപ്പെട്ട ജീവനക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കി പിഴകൾ വർദ്ധിക്കുകായും ചെയ്യും.