ഹൈദരാബാദ് > മയിലിനെ കറി വയ്ക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ. സിരിസില്ല ജില്ലയിലെ തങ്കലപ്പള്ളി സ്വദേശി കോടം പ്രണയ് കുമാറാണ് അറസ്റ്റിലായത്. സംരക്ഷിത ജീവിയും രാജ്യത്തിന്റെ ദേശീയ പക്ഷിയുമായ മയിലിനെ കൊല്ലുന്നതിന് പ്രോത്സാഹനം നൽകിയെന്ന കേസിലാണ് യൂട്യൂബറെ അറസ്റ്റ് ചെയ്തത്. പരമ്പരാഗത മയിൽ കറി എന്ന പേരിലാണ് യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ യൂട്യൂബർക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
കൂടുതൽ പരിശോധനയിൽ ഇയാൾ കാട്ടുപന്നിയെ കൊന്ന് കറിവയ്ക്കുന്നതിന്റെ വീഡിയോ മുമ്പ് അപ്ലോഡ് ചെയ്തിരുന്നതായും കണ്ടെത്തി. ശനിയാഴ്ചയാണ് ഇയാൾ വീഡിയോ പോസ്റ്റ് ചെയ്തത്. വിവാദമായതോടെ യൂട്യൂബിൽ നിന്ന് വീഡിയോ നീക്കം ചെയ്തു. തുടർന്നാണ് ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൃഗ സംരക്ഷണ പ്രവർത്തകരടക്കം രംഗത്തെത്തിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നതിനു ശേഷം മറ്റ് നടപടികൾ സ്വീകരുക്കുമെന്ന് പൊലീസ് അറിയിച്ചു.