കൊച്ചി > മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ ടൊവിനോ തോമസ് എത്തുന്ന ചിത്രം “അജയന്റെ രണ്ടാം മോഷണം’ സെപ്തംബറിൽ തിയറ്ററുകളിൽ. ഓണം റിലീസായി സെപ്തംബറിൽ ചിത്രം എത്തുമെന്ന് അണിയറപ്രവർത്തകരും അഭിനേതാക്കളും അറിയിച്ചു. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം 2ഡിയിലും ത്രീഡിയിലുമായി പുറത്തിറങ്ങും. മാജിക് ഫ്രെയിംസ്, യുജിഎം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. കൃതി ഷെട്ടിയുടെ ആദ്യമലയാള ചിത്രമാണ് എആർഎം. തിരക്കഥ: സുജിത് നമ്പ്യാർ. സംഗീതം: ദിബു നൈനാൻ തോമസ്. കാമറ: ജോമോൻ ടി ജോൺ. എഡിറ്റിങ്: ഷമീർ മുഹമ്മദ്.