ഷാർജ > സ്റ്റാർ ലിങ്ക് സാങ്കേതികവിദ്യ വഴി വിദൂര കൺസൾട്ടേഷൻ ഒരുക്കി ഗാസയിലെ എമറാത്തി ഫീൽഡ് ഹോസ്പിറ്റലുകൾ. രോഗികളെ പരിചരിക്കുന്നതിനും മികച്ച ചികിത്സ നൽകുന്നതിനും ഇതുവഴി കഴിയുന്നു. തുടർ ചികിത്സ ആവശ്യമുള്ള കേസുകൾ യുഎഇയിലെ മികച്ച മെഡിക്കൽ സെന്ററുകളിലേക്ക് റഫർ ചെയ്യുന്നതിനും ഫീൽഡ് ഹോസ്പിറ്റലുകൾ വഴി സാധിക്കും.
തൽസമയ വീഡിയോ ആശയവിനിമയത്തിലൂടെയുള്ള കൺസൾട്ടേഷൻ പദ്ധതി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരുമായി ചേർന്നാണ് നടപ്പിലാക്കുന്നത്. രോഗികൾക്കും പരിക്കേറ്റവർക്കും ഉയർന്ന തലത്തിലുള്ള വൈദ്യസഹായം ഉറപ്പാക്കുന്നതിന് ഇതുവഴി സാധിക്കുന്നു.
വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങൾ കാരണം നിരവധി ആശുപത്രികളും ആരോഗ്യ സംരക്ഷണകേന്ദ്രങ്ങളും അടച്ചുപൂട്ടിയതിനെ തുടർന്ന് ഗാസയിലുള്ളവർക്കുള്ള ആരോഗ്യപരിപാലനം കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇത് മറികടക്കാനുള്ള യുഎഇയുടെ ശ്രമമാണ് സ്റ്റാർ ലിങ്ക് സാങ്കേതികവിദ്യ വഴിയുള്ള വിദൂര കൺസൾട്ടേഷൻ.