ന്യൂഡൽഹി> അദാനി ഗ്രൂപ്പ് ക്രമക്കേടുകളിൽ ഉന്നതരുടെ ബന്ധങ്ങൾ തെളിയിക്കുന്ന ഹിൻഡെൻബർഗ് റിസർച്ചിന്റെ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. അദാനി കമ്പനികളുടെ ഓഹരി ക്രമക്കേടിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന്റെ ബന്ധങ്ങൾ സംശയത്തിന്റെ നിഴലിലായ സാഹചര്യത്തിൽ പാർലമെന്റ് സംയുക്ത സമിതി അന്വേഷിക്കണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു.
‘അദാനി കുംഭകോണവുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്മേലുള്ള അന്വേഷണത്തിൽ തുടരുന്ന വിചിത്രമായ വിമുഖത സുപ്രീം കോടതി വിദഗ്ധസമിതിയുടെ ഭാഗത്ത് നിന്ന് മാത്രമല്ലെന്നും ഇത് വളരെക്കാലമായി ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാ രമേശ് കുറിച്ചു.
ഇത് യഥാർത്ഥ അദാനി മാർഗ്ഗമെന്ന് എന്ന് തൃണമൂൽ കോൺഗ്രസ് എം.പി. മെഹുവ മൊയ്ത്ര പ്രതികരിച്ചു. സെബി ചെയർമാൻ പോലും അദ്ദേഹത്തിന്റെ ഗ്രൂപ്പിൽ നിക്ഷേപകനാകുന്ന സാഹചര്യമാണ്.
ചങ്ങാത്ത മുതലാളിത്വം ഏറ്റവും ഉന്നതിയിൽ എത്തിയിരിക്കയാണ്‘- കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട ആരോപണത്തിന് മേൽ അന്വേഷണം നടത്താൻ സി.ബി.ഐയോടും ഇ.ഡിയോടും ആവശ്യപ്പെടാത്തത് എന്തെന്നും അവർ ചോദിച്ചു.
അദാനി ഗ്രൂപ്പ് കമ്പനികളിൽ വിദേശത്തുനിന്ന് വൻതോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ 2023 ൽ തന്നെ ഹിൻഡൻബർഗ് പുറത്തു വിട്ടിരുന്നു. ഇവയിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളാണ് രേഖകൾ സഹിതം ഇന്നലെ പുറത്തു വിട്ടത്.
2023 ജനുവരി 24-ന് ഗ്രൂപ്പിനുനേരേ ഉന്നയിച്ച ആരോപണങ്ങൾ അദാനി നിഷേധിച്ചിരുന്നു. ഇത് മുഖവിലയ്ക്ക് എടുത്ത് സെബി അന്വേഷണം നടത്താൻ തയാറായില്ല. അന്വേഷണം നടത്തുന്നതിനുപകരം ഹിൻഡെൻബെർഗിനുനേരേ സെബി നോട്ടീസ് അയച്ചത് അന്ന് തന്നെ ആരോപണ വിധേയമായി. ബെർമുഡയിലും മൗറീഷ്യസിലും പ്രവർത്തിക്കുന്ന ഫണ്ട് കമ്പനികളിലാണ് ബുച്ചിനും ഭർത്താവിനും ഓഹരികളുള്ളതായി വ്യക്തമായത്. ഈ ഫണ്ടുകളിലൂടെയാണ് ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഹിൻഡെൻബർഗ് റിസർച്ച് പറയുന്നു.
2015 ജൂൺ അഞ്ചിനാണ് സിങ്കപ്പൂരിൽ ഐ.പി.ഇ. പ്ലസ് ഫണ്ട് ഒന്നിൽ ബുച്ചും ഭർത്താവും അക്കൗണ്ട് തുറക്കുന്നതെന്ന് വിസിൽ ബ്ലോവർ രേഖകളിൽ പറയുന്നു. ഐ.ഐ.എഫ്.എൽ. പ്രിൻസിപ്പൽ അരുൺ ചോപ്രയാണ് ഈ രേഖകളിൽ ഒപ്പിട്ടിട്ടുള്ളത്. പണത്തിന്റെ സ്രോതസ്സായി കാണിച്ചിട്ടുള്ളത് ശമ്പളമാണ്. ഇരുവരുടെയും ആസ്തിയായി ഏകദേശം ഒരു കോടി ഡോളറാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സുപ്രീ കോടതി ഇടപെട്ട് നിർദ്ദേശം നൽകിയതിന് തുടർച്ചയായി സെബിക്ക് ഹിൻഡൻബർഗ് രേഖകൾ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടി വന്നിരുന്നു. എങ്കിലും ക്ലീൻ ചിറ്റ് നൽകി മുഖം രക്ഷിക്കുന്ന നിലപാടായിരുന്നു. അദാനി മോദി ബന്ധം പ്രതിപക്ഷം ഏറ്റവും രൂക്ഷമായി ഉന്നയിച്ചിരുന്ന ഘട്ടത്തിലായിരുന്നു ഈ രക്ഷപെടുത്തൽ.
റിപ്പോർട്ടിന് എതിരെ സെബി 2024 ജൂലൈയിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. സെബിയുടേത് ശുദ്ധ വങ്കത്തം നിറഞ്ഞ നടപടിയാണ് എന്നായിരുന്നു ഹിൻഡൻബർഗിന്റെ പ്രതികരണം.
2017 ഏപ്രിലിലാണ് ബുച്ചിനെ സെബിയുടെ മുഴുവൻസമയ ഡയറക്ടറായി നിയമിക്കുന്നത്. ഇതിന് ഏതാനും ആഴ്ചമുൻപ് ഫണ്ട് കൈകാര്യംചെയ്തിരുന്ന ജോയിന്റ് അക്കൗണ്ട് ധവാൽ ബുച്ചിന്റെ പേരിലേക്കു മാറ്റുന്നതിനായി മൗറീഷ്യസ് ഫണ്ട് അഡ്മിനിസ്ട്രേറ്ററായ ട്രൈഡന്റ് ട്രസ്റ്റിന് അയച്ച ഇ-മെയിലിന്റെ പകർപ്പും പുറത്തുവിട്ടിട്ടുണ്ട്. 2022-ൽ സെബിയുടെ മുഴുവൻസമയ ഡയറക്ടറായി തുടർന്ന കാലയളവിൽ മാധബി പുരി ബുച്ച് ഈ ഫണ്ടുകളിൽ താത്പര്യം പുലർത്തിയിരുന്നുവെന്നുൾപ്പെടെ ഹിൻഡെൻബർഗ് ആരോപിക്കുന്നു.
സെബിയുടെ തലപ്പത്ത് എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യത്തെ വനിതയുമാണ് മാധബി പുരി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ പണമിടപാടുകൾ തുറന്ന പുസ്തകമാണെന്നുമാണ് മാധബിയും ഭർത്താവും വിശദീകരിക്കുന്നത്.