തിരുവനന്തപുരം
“പശൂനെയും കോഴിയെയും വളർത്തിയ ആരെങ്കിലും ഡൽഹിയിലെ സ്വാതന്ത്ര്യദിന പരേഡിൽ അതിഥിയായി പോയിട്ടുണ്ടാകുമോ? കുടുംബശ്രീ എനിക്ക് അതിനുള്ള ഭാഗ്യം തന്നു. വിമാനത്താവളംപോലും കാണാത്ത ഞാൻ ഡൽഹിയിലേക്ക് വിമാനത്തിൽ പോകും’– -തൃശൂർ ആമ്പല്ലൂരിലെ കുടുംബശ്രീ യൂണിറ്റ് അംഗമായ സൗമ്യ ബിജുവിന് സ്വപ്നം പോലെയാണ് ഈ അവസരം.
ഒരുലക്ഷമെങ്കിലും വാർഷികവരുമാനമുള്ള അയൽക്കൂട്ട സംരംഭത്തിലെ ‘ലാക്പതി ദീദി’ വിഭാഗക്കാരിയായതിനാലാണ് സൗമ്യയ്ക്ക് ഈ അവസരം ലഭിച്ചത്. ഇതേ വിഭാഗത്തിൽനിന്ന് എറണാകുളം സ്വദേശിനി നതാഷ ബാബുരാജും ഡൽഹി യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഡ്രോൺ പറത്താൻ പരിശീലനം നേടി ലൈസൻസെടുത്ത “ഡ്രോൺ ദീദി’ വിഭാഗത്തിൽനിന്ന് പാലക്കാട് സ്വദേശിനി ആർ ശ്രീവിദ്യ, കാസർകോട് സ്വദേശിനി കെ വി സിൽന എന്നിവരും അതിഥികളായി പോകും.
ഈ വിഭാഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവരെയാണ് സംസ്ഥാന കുടുംബശ്രീ മിഷൻ തെരഞ്ഞെടുത്തത്. 13ന് കൊച്ചി വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന സംഘം 16ന് തിരിച്ചെത്തും. പച്ചക്കറിക്കൃഷി, പശു, ആട്, കോഴി വളർത്തൽ എന്നിവയാണ് ജീവന കുടുംബശ്രീ യൂണിറ്റംഗമായ സൗമ്യയുടെ പ്രധാന വരുമാന മാർഗം. ആമ്പല്ലൂർ ജീവ കുടുംബശ്രീ യൂണിറ്റ് അംഗമാണ്. എറണാകുളം എടക്കാട്ടുവയൽ സ്വദേശി നതാഷ കൂൺകൃഷിയിലൂടെയും തേങ്ങയിൽനിന്നുള്ള മൂല്യവർധിത ഉൽപന്ന നിർമാണത്തിലൂടെയുമാണ് ‘ലാക്പതി ദീദി’ വിഭാഗത്തിൽപ്പെട്ടത്. 2013 മുതൽ വന്ദന കുടുംബശ്രീ അംഗമാണ്.
പാലക്കാട് പഴയന്നൂർ അഹല്യ കുടുംബശ്രീ യൂണിറ്റ് അംഗമായ ശ്രീവിദ്യ ചെന്നൈയിൽ പരിശീലനത്തിനുശേഷമാണ് ഔദ്യോഗിക ഡ്രോൺ പറത്തലിൽ ലൈസൻസ് നേടിയത്. സ്വന്തമായി ഡ്രോണുമുണ്ട്. കുടുംബശ്രീയുടെയും സ്വകാര്യ വ്യക്തികളുടെയും കൃഷിയിടങ്ങളിൽ മരുന്ന് തളിക്കാനുംമറ്റും ശ്രീവിദ്യ പോകാറുണ്ട്. കാസർകോട് അജനൂർ ജ്വാല യൂണിറ്റംഗം കെ വി സിൽനയും വിദഗ്ധ പരിശീലനത്തിലൂടെയാണ് ഡ്രോൺ ലൈസൻസ് നേടിയത്. കുടുംബശ്രീ സഹായത്തോടെ സ്വന്തമായി ഡ്രോണും വാങ്ങി.