നെടുമങ്ങാട്
വളര്ത്തുനായയുടെ നഖംതട്ടി മുറിവേറ്റ വീട്ടമ്മ പേവിഷബാധയേറ്റു മരിച്ചു. വാക്സിനെടുത്ത മകള് രക്ഷപ്പെട്ടു. നെടുമങ്ങാട് ചെന്തുപ്പൂര് ചരുവിളാകം അനുഭവനിൽ ജയ്നി (44) യാണ് മരിച്ചത്. രണ്ടരമാസം മുമ്പായിരുന്നു നായയുടെ ആക്രമണം. മകള് ആന്സിയെ കടിക്കുന്നതിനിടെ രക്ഷിക്കാന് ശ്രമിക്കുമ്പോഴായിരുന്നു ജയ്നിക്ക് മുറിവേറ്റത്. കടിയേറ്റതിനാൽ ആന്സി വാക്സിന് എടുത്തു.
എന്നാൽ നായയുടെ നഖംകൊണ്ടത് ജയ്നി കാര്യമാക്കിയില്ല. ഒരു മാസത്തിനുശേഷം നായ ചത്തിട്ടും മുറിവേറ്റകാര്യം ആരോടും പറഞ്ഞതുമില്ല. മൂന്നുദിവസം മുമ്പ് ശാരീരികാസ്വാസ്ഥ്യത്തെ തുടര്ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയുടെ ലക്ഷണങ്ങള് സ്ഥിരീകരിച്ചത്. തുടര്ന്ന് ജയ്നിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പേവിഷബാധ സ്ഥിരീകരിച്ചു.
വെള്ളി പുലർച്ചയോടെ മരിച്ചു. ആരോഗ്യ ജീവനക്കാരുടെ നിർദേശാനുസരണം വൈകിട്ടോടെ നെടുമങ്ങാട് ശാന്തി തീരത്തിൽ സംസ്കരിച്ചു. നഗരസഭാ ജീവനക്കാരും മൃഗസംരക്ഷണ വകുപ്പും മറ്റു ആരോഗ്യ വകുപ്പു ജീവനക്കാരും ജയ്നിയുടെ വീട്ടിലും ചിറക്കാണി വാർഡിലും ക്ലോറിനേഷൻ നടത്തുകയും വളർത്തു നായകൾക്കു വാക്സിൻ എടുക്കുകയും ചെയ്തു.
അമ്പതോളം തെരുവുനായകളെ പിടിക്കുകയും ചെയ്തു. രോഗിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നവർക്ക് റാബിസ് വാക്സിനും നൽകി.
സുനിൽ കുമാറാണ് ജയ്നിയുടെ ഭര്ത്താവ്. മക്കൾ: അനുമോൾ, ആൻസി. മരുമകൻ: നിഷാന്ത്.