മസ്ക്കത്ത് > ദോഫാർ ഗവർണറേറ്റിലെ എണ്ണപ്പാടത്ത് അത്യധുനിക സൗരോർജ്ജ ജലശുദ്ധീകരണ പ്ലാൻറ് ഈ മാസം പകുതിയോടെ പ്രവർത്തനക്ഷമമാകുമെന്ന് ഓസ്ട്രിയൻ സോളാർ ടെക് സ്റ്റാർട്ടപ്പ് ഹീലിയോവിസ് അറിയിച്ചു. പെട്രോളിയം സംസ്കരണത്തിന്റെ ഉപോൽപ്പന്നമായി ലഭ്യമാകുന്ന ഉയർന്ന ലവണാംശമുള്ളതും എണ്ണ കലർന്നതുമായ ജലം പൂർണമായും സൗരോർജ്ജം ഉപയോഗപ്പെടുത്തി ശുദ്ധീകരിക്കുന്ന ഈ സംരംഭം ആഗോളതലത്തിൽത്തന്നെ പുതിയ ചുവടുവയ്പ്പാണ്.
ദോഫാർ ഗവർണറേറ്റിലെ ഖരത് അൽ മിൽഹിലുള്ള എആർഎ പെട്രോളിയം, ട്രെവി സിസ്റ്റംസ് എന്നീ കമ്പനികളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിർമാണപ്രവർത്തനങ്ങളെല്ലാം പൂർത്തീകരിച്ച് പ്ലാൻറ് കമ്മീഷനിംഗ് നടത്തിക്കഴിഞ്ഞുവെന്ന് ഹീലിയോവിസ് കമ്പനി അധികൃതർ അറിയിച്ചു.
എആർഎ പെട്രോളിയം കമ്പനിയുടെ പശ്ചാത്തല സൗകര്യങ്ങൾ, ഹീലിയോവിസ് കമ്പനിയുടെ സൗരോർജ്ജ സാങ്കേതികവിദ്യ, ട്രെവി സിസ്റ്റംസിൻറെ ഫോർവേഡ് ഓസ്മോസിസ് ജലശുദ്ധീകരണ സംവിധാനം, ഇത്തരത്തിൽ ഈ മൂന്ന് കമ്പനികളുടെയും ക്രിയാത്മകമായ സഹകരണത്തിലൂടെയാണ് രാജ്യത്തിന് അഭിമാനിക്കാവുന്ന ഈ സംരംഭം യാഥാർഥ്യമായിരിക്കുന്നത്. ഒരു ലക്ഷത്തി നാൽപ്പതിനായിരം ലിറ്റർ വെള്ളം പ്രതിദിനം പ്ലാൻറിൽ ശുദ്ധീകരിച്ചെടുക്കാൻ സാധിക്കും.